ലണ്ടൻ: ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് താരം സുസ്മിത സെന്നുമായി ഡേറ്റിംഗിൽ.
ലളിത് മോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ വിശ്വസുന്ദരിയുമായുള്ള ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു.
സുസ്മിതയുമായി പുതിയ തുടക്കം എന്ന് വിശേഷിപ്പിച്ചാണ് ലളിത് മോദി ചിത്രങ്ങൾ ട്വീറ്റ് ചെയ്തത്.
സുസ്മിതയെ നല്ലപാതിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ‘മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ.
അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു’-ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളിൽ സുസ്മിതയും ലളിത് മോദിയും ചർച്ചയായി.
ഇരുവരും ഉടൻ വിവാഹിതരാകുന്നു എന്ന മട്ടിലും വാർത്ത പ്രചരിച്ചു.
എന്നാൽ തങ്ങൾ വെറും ഡേറ്റിംഗിലാണെന്ന് വ്യക്തമാക്കി മോദി തന്നെ രംഗത്തുവന്നു. വ്യക്തതയ്ക്കായി മാത്രം. വിവാഹം കഴിച്ചിട്ടില്ല – പരസ്പരം ഡേറ്റിംഗ് മാത്രം.
വിവാഹം, അതും ഒരു ദിവസം സംഭവിക്കും-അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ പെട്ടതോടെ ഇന്ത്യ വിട്ട ലളിത് മോദി 2010 മുതൽ ലണ്ടനിലാണ്.