പെണ്ണായി പിറന്നതിൽ അഭിമാനിക്കാനുള്ള മുഹൂർത്തമായിരുന്നു സുസ്മിതയുടെ ജീവിതത്തിൽ സംഭവിച്ചത്. 23 വർഷം മുന്പു തങ്ങളുടെ മണ്ണിൽ വന്ന് വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയ ഒരു സ്ത്രീയെ ഹൃദയത്തിലേറ്റിയ ഫിലിപ്പീൻകാരുടെ സ്നേഹത്തിനു മുന്പിൽ സുസ്മിത അന്പരന്നുപോയ നിമിഷമായിരുന്നു അത്. മറ്റൊരു രാജ്യത്തു നിന്നു വന്ന കേവലമൊരു അതിഥി മാത്രമല്ല സുസ്മിത അവർക്ക്. 1994-ൽ ഫിലിപ്പീൻ ജനതയുടെ ഹൃദയത്തിൽ പതിഞ്ഞുപോയ ഒരു പേരാണത്.
നീണ്ട ഇരുപത്തിമൂന്നു വർഷത്തിനു ശേഷം ഫിലിപ്പൈൻസിൽ നടക്കുന്ന വിശ്വസുന്ദരി മത്സത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുസ്മിത. ഇക്കുറി മത്സരാർഥിയായല്ല, വിധികർത്താവിന്റെ വേഷത്തിലായിരുന്നു എത്തിയത്. വിവാഹം കഴിച്ചുവിട്ട മകൾ ഭർതൃഗൃഹത്തിൽ നിന്ന് ഒരുപാടു നാളുകൾക്കു ശേഷം സ്വന്തം വീട്ടിലേക്ക് വരുന്പോഴെന്നപോലെയുള്ള സന്തോഷമായിരുന്നു ഫിലിപ്പീൻകാർക്ക് സുസ്മിതയെ കണ്ടപ്പോൾ.
മുൻവിശ്വസുന്ദരിയുടെ പുതിയവിശേഷങ്ങളറിയാൻ ആരാധകരും മാധ്യമങ്ങളും കാത്തുനിന്നിരുന്നു. അവതാരകയുടെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങൾക്ക് രസികൻ മറുപടികൾ പറഞ്ഞ് സ്കോർ ചെയ്യുന്നതിനിടെയാണ് ആ നാലുപേരെ സുസ്മിത കാണുന്നത്. നാലുസുന്ദരികളായിരുന്നു അവർ. അവരുടെ നാലുപേരുടെയും പേര് സുസ്മിതയെന്നും. സുസ്മിത സെൻ വിശ്വസുന്ദരിയായ ശേഷമാണ് ഫിലിപ്പീർകാർ തങ്ങളുടെ മക്കൾക്ക് സുസ്മിത എന്നു പേരിടാൻ തുടങ്ങിയത്. തങ്ങളുടെ നാട്ടിൽ വന്നു മത്സരിച്ചു വിജയിച്ചു മടങ്ങിയ ഒരു സ്ത്രീക്ക് ഒരു ജനത നൽകാവുന്നതിൽ വച്ച് ഏറ്റവും നല്ല സമ്മാനമായിരുന്നു അത്. ഒരു സ്ത്രീയോടുള്ള അവരുടെ സ്നേഹവും ബഹുമാനവും കരുതലും തുറന്നു കാട്ടാൻ അവർ തിരഞ്ഞെടുത്ത വഴി തെല്ലൊന്നുമല്ല സുസ്മിതയെ അന്പരപ്പിച്ചത്.
വിശ്വസുന്ദരി മത്സരത്തിൽ പങ്കെടുക്കുന്പോൾ സുസ്മിത അഭിമുഖീകരിച്ച ചോദ്യത്തെക്കുറിച്ചും ഐശ്വര്യറായിയെക്കുറിച്ചും സുസ്മിതയുടെ പെണ്മക്കളക്കുറിച്ചും സുസ്മിതയുടെ വിവാഹക്കാര്യത്തെക്കുറിച്ചുമെല്ലാം ചോദ്യങ്ങൾ ഉണ്ടായി.വിവാഹത്തെക്കുറിച്ചു ചോദിച്ചപ്പോൾ, ഈ ചോദ്യം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്നു കുസൃതിച്ചിരിയോടെ പറഞ്ഞുകൊണ്ട് സുസ്മിത വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. രണ്ടു വട്ടം വിവാഹത്തിന്റെ ഒരുക്കങ്ങൾ നടന്നെങ്കിലും വിവാഹിതയായില്ല. വിവാഹം കഴിക്കില്ല എന്നൊരിക്കലും തീരുമാനിച്ചിട്ടില്ല. ഭാവിയിൽ തീർച്ചയായും വിവാഹം കഴിക്കും- സുസ്മിത കൂട്ടിച്ചേർത്തു.