സ്വന്തം വ്യക്തിജീവിതത്തെക്കുറിച്ചു തുറന്നു പറയാൻ ഒരിക്കലും മടി കാണിക്കാത്തയാളാണ് നടിയും മുൻ മിസ് യൂണിവേഴ്സുമായ സുസ്മിത സെൻ. മോഡലായ റോഹ്മാൻ ഷാളുമായി സുസ്മിത സെൻ ദീർഘകാലമായി പ്രണയത്തിലായിരുന്നു. അന്ന് സുസ്മിതയ്ക്ക് 43 വയസും റോഹ്മാന് 29 വയസുമായിരുന്നു പ്രായം.
എന്നാൽ 2021ൽ ഇരുവരും വേർപിരിഞ്ഞു. ഇടക്കാലത്ത് താരം ബിസിനസുകാരനായ ലളിത് മോദിയുമായി ഡേറ്റിംഗിലായിരുന്നു. ഇരുവരുടെയും ചില പ്രണയചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ ബന്ധവും അധികകാലം നീണ്ടുനിന്നില്ല.
എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിൽ പുരുഷന്മാർ ആരുമില്ലെന്നും താൻ സിംഗിൾ ആണെന്നും വ്യക്തമാക്കിയിരിക്കുകയാണ് സുസ്മിത സെൻ. റിയ ചക്രബർത്തിയുടെ ഷോ ചാപ്റ്റർ രണ്ടിൽ അതിഥിയായി എത്തിയപ്പോഴാണ് സുസ്മിത തന്റെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് മനസ് തുറന്നത്.
ഇന്ന് ഞാനിവിടെ ഇരിക്കുമ്പോൾ എന്റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷം. എനിക്ക് ഇപ്പോൾ ആരോടും താത്പര്യമില്ല. ഒരു ഇടവേള എടുക്കുന്നത് മനോഹരമാണ്. കാരണം അതിനുമുമ്പ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു. അത് വളരെക്കാലം നീണ്ടുനിന്നു. ഞാൻ ഇപ്പോൾ പ്രണയത്തിലാകാൻ ആഗ്രഹിക്കുന്നില്ല. -സുസ്മിത വ്യക്തമാക്കി.
പരസ്പരം പിരിഞ്ഞെങ്കിലും റോഹ്മാൻ ഇപ്പോഴും സുസ്മിതയുമായി അടുത്ത സൗഹൃദം പങ്കിടുന്നുണ്ട്. സുസ്മിതയ്ക്കൊപ്പം പാർട്ടികളിലും മറ്റ് ഇവന്റുകളിലുമെല്ലാം റോഹ്മാനും അകമ്പടിയായി എത്താറുണ്ട്. അടുത്തിടെ ഒരു അവാർഡ് ഷോയിലും ഇരുവരും ഒന്നിച്ചാണ് എത്തിയത്.