കാസർഗോഡ്: സ്വർണമാണെന്ന വ്യാജേന ഈയക്കട്ടി നൽകി സ്വർണവ്യാപാരിയിൽനിന്ന് 19 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.
കാസർഗോഡ് റെയിൽവേ സ്റ്റേഷന് പിൻവശത്ത് താമസിക്കുന്ന ബി.എ. സുനൈഫ് (32) ആണ് അറസ്റ്റിലായത്.
കാസർഗോഡ് പള്ളത്ത് താമസിക്കുന്ന സ്വർണവ്യാപാരി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഗോരക്നാഥ് പാട്ടീലിനെയാണ് സ്വർണം പൂശിയ ഈയക്കട്ടി നൽകി സുനൈഫ് കബളിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ എട്ടിന് രാവിലെ 11 ഓടെയാണ് സുനൈഫ് 400 ഗ്രാം വരുന്ന ഈയക്കട്ടിയുമായി ഗോരക്നാഥ് പാട്ടീലിനെ സമീപിച്ചത്.
സുനൈഫ് 15 വർഷത്തോളമായി ഗോര ക്നാഥുമായി സ്വർണ ഇടപാടുകൾ നടത്തിവന്നിരുന്നതിനാൽ ഈയക്കട്ടി പൊതിഞ്ഞ കവർ ആദ്യം തുറന്നുനോക്കിയിരുന്നില്ല.
തിരക്കായതിനാൽ ഈയക്കട്ടി പുറത്തെടുക്കാതെ കവർസഹിതം തൂക്കിനോക്കിയശേഷം അതിന്റെ വിലയായ 19,06000 രൂപ ഗോരക്നാഥ് പാട്ടീൽ സുനൈഫിന് നൽകി.
പിന്നീട് കവർ തുറന്നുനോക്കി പരിശോധിച്ചപ്പോഴാണ് സ്വർണത്തിന് പകരം ഈയക്കട്ടിയാണെന്ന് വ്യക്തമായത്.
തുടർന്ന് ഗോരക്നാഥ് നൽകിയ പരാതിയിൽ കാസർഗോഡ് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചെങ്കിലും സുനൈഫ് ഒളിവിൽ പോകുകയായിരുന്നു.
മേഘാലയ, മഹാരാഷ്ട്ര, അജ്മീർ എന്നിവിടങ്ങളിൽ പോയി കൈവശമുണ്ടായിരുന്ന പണം തീർന്നതോടെ സുനൈഫ് കഴിഞ്ഞ ദിവസം നാട്ടിലെത്തി.
രഹസ്യവിവരം ലഭിച്ചതോടെ പോലീസ് താമസസ്ഥലത്തെത്തി സുനൈഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
സ്വർണവ്യാപാരിയിൽനിന്ന് പണംതട്ടിയ സംഭവത്തിൽ സുനേഫിന് പുറമെ കൂടുതൽ പേർക്ക് ബന്ധമുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.