മുംബൈ: നടൻ സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ ബോളിവുഡിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് മുംബൈ പോലീസ്. സുശാന്തിനെ സിനിമാമേഖലയിൽ നിന്ന് പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്ന സഹപ്രവർത്തകരുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം.
സുശാന്തിന്റെ കുടുംബം ഉയർത്തിയ ഗൂഢാലോചനാ ആരോപണങ്ങൾ ശരിവച്ച് കൊണ്ട് ചില സഹപ്രവർത്തകരും രംഗത്ത് വന്നതോടെയാണ് അന്വേഷണം സിനിമാ മേഖലയിലെ പോരിലേക്ക് നീളുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറിയിച്ചത്.
സുശാന്തിന്റേത് ദുർബല മനസാണെന്ന പ്രചാരണം കള്ളമാണെന്നും സിനിമാ മേഖലയിൽ നിന്ന് സുശാന്തിനെ പുറത്താക്കാൻ ബോധപൂർവമായ ശ്രമം നടന്നതായും നടി കങ്കണ റണൗത്ത് വീഡിയോ സന്ദേശത്തിൽ ആരോപിച്ചിരുന്നു.
ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹറിനും നടി ആലിയ ഭട്ടിനുമെതിരെ സൈബർ ആക്രണം രൂക്ഷമായി. സുശാന്തിന്റെ മരണത്തിൽ അനുശോചനക്കുറിപ്പ് എഴുതിയതിന് പിന്നാലെയാണ് കരൺ ജോഹറിനും ആലിയാ ഭട്ടിനും എതിരെ സൈബർ ആക്രമണം തുടങ്ങിയത്.
സുശാന്തിനെ ഒതുക്കുന്നതിൽ ബോളിവുഡിലെ കരുത്തനായ കരൺ ജോഹറിനും പങ്കുണ്ടെന്നാണ് ആരോപണം. കരൺ ജോഹർ ഗ്യാങ്ങിനെ ബഹിഷ്കരിക്കുക, സ്വജനപക്ഷപാതം അവസാനിപ്പിക്കുക എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെൻഡിംഗ് ആയിരിക്കുകയാണ്.
സുശാന്ത് സിനിമാമേഖലയിൽ പൂർണമായി ഒറ്റപ്പെട്ട് പോയെന്ന് സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റും സുഹൃത്തുമായി സപ്ന ഭാവ്നാനി ട്വീറ്റ് ചെയ്തു. സുശാന്തിനെ ഒതുക്കാൻ ശ്രമിച്ചവരെ അറിയാമെന്ന് സംവിധായകൻ ശേഖർ കപൂറും പറഞ്ഞു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സുശാന്ത് ഫോണിൽ വിളിച്ച നടി റിയാ ചർത്തിയുടേയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി ഇക്കാര്യത്തില്‍ നിർണായകമായേക്കും.
അതേസമയം സുശാന്ത് സിങ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതേക്കുറിച്ചു പിതാവ് കെ.കെ. സിംഗിനോട് സംസാരിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവാഹത്തിന്റെ തയാറെടുപ്പുകള്‍ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്നു ബന്ധു വെളിപ്പെടുത്തി.
ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ ഗൂഢാലോചനയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചിരുന്നു. കൂടുതലായി പണം പിന്‍വലിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മയക്കുമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല.
സുശാന്തിന്റെ അർധസഹോദരന്റെ ഭാര്യ മരിച്ചു
പാറ്റ്ന: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തിനു പിന്നാലെ നടന്റെ ബന്ധുവും മരിച്ചു. സുശാന്തിന്റെ അർധസഹോദരന്റെ ഭാര്യ സുധാദേവിയാണു ബിഹാറിലെ പുർണിയയിൽ തിങ്കളാഴ്ച മരിച്ചത്.
സുശാന്തിന്റെ മരണത്തെ തുടർന്നു രോഗിയായ സുധാദേവി കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് റിപ്പോർട്ട്. മരണ വിവരം അറിഞ്ഞതു മുതൽ ഇവർ ഭക്ഷണം ഒന്നും കഴിച്ചിരുന്നില്ല. തിങ്കളാഴ്ച മുംബൈയിൽ സുശാന്തിന്റെ ശവസംസ്കാരം നടക്കുന്ന സമയത്താണു സുധാദേവിയുടെ മരണം സംഭവിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്കാണു സുശാന്തിനെ മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുശാന്ത് കഴിഞ്ഞ അഞ്ചു മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പോലീസ് പറയുന്നത്.