കൽപ്പറ്റ: വനിതാ സിവിൽ എക്സൈസ് ഓഫീസറോടു അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഡെപ്യൂട്ടി കമ്മീഷണർക്കു സസ്പെൻഷൻ.
വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.കെ. അഷ്റഫിനെയാണ് എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
ഓഫീസ് പരിശോധനയ്ക്കു കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിലെത്തിയ ഡെപ്യൂട്ടി കമ്മീഷണർ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നായിരുന്നു കീഴ്ജീവനക്കാരിയുടെ പരാതി.
കഴിഞ്ഞയാഴ്ചയായിരുന്നു പരാതിക്കു ആധാരമായ സംഭവം. ഡെപ്യൂട്ടി കമ്മീഷണർ പരിശോധനയ്ക്കു എത്തിയപ്പോൾ കീഴ്ജീവനക്കാരി മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്.
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്കെതിരെ നടപടി ആവശ്യപ്പെട്ടു വകുപ്പു മന്ത്രിക്കു സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പരാതി നൽകിയിരുന്നു.
പരാതി അടിസ്ഥാനരഹിതമാണെന്നും ഡ്രസ്കോഡ് ശരിയാക്കുന്നതിനു ബെൽറ്റിന്റെ ബക്കിൾ നേരെയാക്കുക മാത്രമാണ് ചെയ്തതെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അവകാശപ്പെട്ടിരുന്നു.