തിരുവനന്തപുരം: കോവിഡ് നിരീക്ഷണം ലംഘിച്ച് നാടുവിട്ട സബ് കളക്ടർ അനുപം മിശ്രയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ ശിപാർശയേത്തുടർന്നാണ് നടപടി.
നേരത്തെ, നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള കൊല്ലം കളക്ടറുടെ റിപ്പോർട്ട് റവന്യൂ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സബ്കളക്ടർക്കെതിരെ നടപടി വേണമെന്ന ശിപാർശയോടെയാണ് കളക്ടർ ബി.അബ്ദുൾ നാസർ സമർപ്പിച്ച റിപ്പോർട്ട് മന്ത്രി കൈമാറിയിരുന്നത്.
റിപ്പോർട്ട് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ സബ്കളക്ടറെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്പെൻഡ് ചെയ്യുകയായിരുന്നു. നിരീക്ഷണത്തിലിരിക്കാൻ പറഞ്ഞ മാർച്ച് 19നു തന്നെ ഇദ്ദേഹം കൊല്ലത്തു നിന്ന് പോയെന്ന് കളക്ടർ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
കളക്ടർ വിളിച്ചപ്പോൾ ബംഗളൂരുവിലെന്നാണ് അനുപം മിശ്ര മറുപടി നൽകിയിരുന്നത്. ഗുരുതരമായ കൃത്യവിലോപമാണ് സബ്കളക്ടർ നടത്തിയതെന്നും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്ത തെറ്റാണിതെന്നും കളക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് സബ്കളക്ടർ നടത്തിയതെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു. സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയ സബ്കളക്ടറോട് 14 ദിവസത്തെ നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നായിരുന്നു നിർദേശം.
ആ നിർദേശം ലംഘിച്ചാണ് അദ്ദേഹം കാൺപൂരിലേക്ക് കടന്നത്. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് ഇയാൾ കാൺപൂരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സബ്കളക്ടറായി അനുപം മിശ്ര കൊല്ലത്തെത്തിയത്.