കോട്ടയം: പീഡനക്കേസ് പ്രതി അയർക്കുന്നം പോലീസ് സ്റ്റേഷനിൽ നിന്നും ഓടി രക്ഷപ്പെട്ട സംഭവത്തിൽ എസ്ഐയെ സ്ഥലം മാറ്റുകയും എഎസ്ഐയെയും പോലീസുകാരനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു. അയർക്കുന്നം സ്റ്റേഷനിലെ എഎസ്ഐ നടരാജൻ, സംഭവസമയത്ത് പാറാവ് ഡ്യുട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ രതീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബു സസ്പെൻഡ് ചെയ്തത്.
എസ്ഐ വി.എസ്. അനിൽകുമാറിനെ കോട്ടയം എആർ ക്യാന്പിലേക്കാണു സ്ഥലം മാറ്റിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ആറുമാനൂർ സ്വദേശിയായ 62 കാരിയെ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്ന പരാതിയിലാണ് അയർക്കുന്നം ആറുമാനൂർ സ്വദേശി അഭിലാഷി(39)നെ പോലീസ് അറസ്റ്റു ചെയ്തത്.
തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനിടയിൽ ഇയാൾ സ്റ്റേഷനിൽ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പീന്നിട് അന്വേഷണത്തിനൊടുവിൽ കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അഭിലാഷിനെ പിടികൂടിയത്.
സ്റ്റേഷനിൽ പ്രതി ഓടി രക്ഷപ്പെട്ട സംഭവം പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ കൊച്ചി റേഞ്ച് ഐജി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു എഎസ്ഐയെയും പോലീസുകാരനെയും സസ്പെൻഡ് ചെയ്തതും എസ്ഐയെ സ്ഥലം മാറ്റിയതും. പുതിയ അയർക്കുന്നം എസ്ഐയായി ഹരികുമാർ ഇന്നലെ ചാർജെടുത്തു.