തിരൂരങ്ങാടി: ഇക്കഴിഞ്ഞ പൊതുപണിമുടക്കു ദിവസം ഡ്രൈവിംഗ് സ്കൂൾ ഏജന്റുമാർക്കൊപ്പം മദ്യസത്കാരത്തിൽ പങ്കെടുത്തുവെന്ന ആരോപണത്തെ തുടർന്നു മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിലെ രണ്ട് എംവിഐമാരെ സസ്പെൻഡ് ചെയ്തു.
സുനിൽബാബു, ബെന്നി വർഗീസ് എന്നിവരെയാണ് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. ശ്രീലേഖ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തൃശൂർ ട്രാൻസ്പോർട്ട് ഡെപ്യൂട്ടി കമ്മീഷണർ എം. സുരേഷ് നൽകിയ റിപ്പോർട്ടിൻമേലാണ് നടപടി. പണിമുടക്ക് ദിവസം ഉച്ചയ്ക്കുശേഷം ദേശീയപാത തലപ്പാറയിലെ ഒരു ഹോട്ടലിലാണ് ഉദ്യോഗസ്ഥരും ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരും പങ്കെടുത്ത സത്കാരം നടന്നത്.
ഇതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതോടെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയാവശ്യപ്പെട്ടു ഡിവൈഎഫ്ഐ തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റി ജോയിന്റ് ആർടി ഓഫീസിലേക്കു പ്രതിഷേധ മാർച്ചും നടത്തിയിരുന്നു.