കളമശേരി: എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സുമാരോടും വനിതാ ജീവനക്കാരോടും മോശമായി പെരുമാറിയ സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ എൻജിഒ യൂണിയൻ നേതാവിനെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
അറ്റൻഡർ പി.ജെ. പ്രകാശനെയാണ് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വി.കെ. ശ്രീകല അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും വനിതാ ജീവനക്കാരുടെ പരാതിയെത്തുടർന്ന് രൂപീകരിച്ച അന്വേഷണസമിതി ഇയാൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
വനിതാ ജീവനക്കാർക്കെതിരേ കുടുംബബന്ധങ്ങൾ തകർക്കുന്ന രീതിയിൽ ഊമക്കത്തുകൾ എഴുതുക, അശ്ലീലം കലർത്തി വ്യാജപരാതികൾ നൽകുക, അപമാനിച്ച് സംസാരിക്കുക എന്നിവയാണ് ആരോപണങ്ങൾ. ആശുപത്രി അറ്റൻഡറായി ജോലി ചെയ്യേണ്ട ഇയാൾ അതിനു പകരം സംഘടനാ നേതാവെന്ന പേരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനു മുന്നിൽ നിൽക്കുകയാണ് പതിവെന്നും ആരോപണമുണ്ട്.
ഓഫീസിന് മുന്നിലൂടെ കടന്നു പോകുന്ന വനിതകളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാറുമുണ്ടെന്ന് ഇയാളെക്കുറിച്ച് പരാതി ലഭിച്ചിരുന്നു. ഇത് മെഡിക്കൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനും ശരിവച്ചു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ആർഎംഒയെ അശ്ലീല ഭാഷയിൽ സംബോധന ചെയ്തെന്ന പരാതിയും ഇയാൾക്കെതിരേയുണ്ട്.