പത്തനംതിട്ട: കുമ്പഴയില് അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ട കേസില് പിടിയിലായ രണ്ടാനച്ഛന് അലക്സ് ചാടിപ്പോയ സംഭവത്തില് പോലീസുകാരന് സസ്പെന്ഷന്.
പത്തനംതിട്ട സ്റ്റേഷനിലെ റൈറ്ററായ സിപിഒ രവികുമാറിനെയാണ് അന്വേഷണ വിധേയമായി ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി സസ്പന്ഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രി 12 ഓടെയാണ് പ്രതി പത്തനംതിട്ട പോലീസ് കസ്റ്റഡിയില് നിന്നും രക്ഷപ്പെടുന്നത്. ശൗചാലയത്തില് പോകണമെന്നാവശ്യപ്പെട്ട ഇയാളെ സ്റ്റേഷന് പുറത്തേക്ക് ഇറക്കുന്നതിനിടയിലാണ് വിലങ്ങുമായി ഓടി രക്ഷപ്പെട്ടതെന്നാണ് വിശദീകരണം.
പോലീസുകാരുടെ ഈ വാദത്തില് സംശയം തോന്നിയതിനേ തുടര്ന്നാണ് അന്വേഷണം നടന്നത്. റൈറ്ററായ രവികുമാര് മാത്രമാണ് ഈ സമയം പ്രതിക്കൊപ്പമുണ്ടായിരുന്നത്. രവികുമാറിന്റെ താത്പര്യപ്രകാരമാണ് ഇയാളെ പുറത്തേക്കിറക്കിയതെന്ന് സിസിടിവിയില് വ്യക്തമായതോടെ മറ്റു പോലീസുകാര് നടപടികളില് നിന്നു രക്ഷപ്പെട്ടു.
സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി ആര്. നിശാന്തിനി നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചിരുന്നു. സംഭവത്തില് മറ്റു പോലീസുകാരെക്കൂടി കുടുക്കാന് ചില ശ്രമങ്ങള് ഇതിനിടെ ഉണ്ടായി. പ്രതിയെ സ്വന്തമായി ചോദ്യം ചെയ്യാന് രവികുമാര് ശ്രമിച്ചതായും ഇതിനിടെയാണ് രക്ഷപെട്ടതെന്നും സംശയമുയര്ന്നിരുന്നു.
തുടര്ന്നാണ് ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തിയത്.സ്റ്റേഷനില് നിന്നു രക്ഷപെട്ട് കുമ്പഴയിലെ വീട്ടില് എത്താന് ശ്രമിച്ച അലക്സ് പോലീസിനെ കണ്ട് കുറ്റിക്കാട്ടില് ഒളിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ആറിനു നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇയാളെ വീണ്ടും പിടികൂടിയത്.
അലക്സിനെ ഇന്നലെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. പോക്സോ നിയമപ്രകാരവും ഇയാള്ക്കെതിരെ കേസെടുത്തു.