കോട്ടയം: പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ തമ്മിലടിച്ച വനിതാ പോലീസുകാരിയെയും അഡീഷണൽ എസ്ഐയെയും അന്വേഷണ വിധേയമായി സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു.
അഡീഷണൽ എസ്ഐ സി.ജി. സജികുമാർ, വനിതാ പോലീസുകാരി വിദ്യാ രാജൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജി നീരജ്കുമാർ ഗുപ്തയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്.
ഏതാനും ദിവസം മുന്പാണ് പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ അഡീഷൽ എസ്ഐയെ മർദിച്ചത്.
ആദ്യം അഡീഷണൽ എസ്ഐ വനിതാ പോലീസുകാരിക്കു അശ്ലീല മെസേജ് അയച്ചതിനെച്ചൊല്ലിയാണ് വാക്കുതർക്കവും അടിയുമുണ്ടായതെന്നായിരുന്നു പുറത്തുവന്ന വിവരം.
സംഭവം ജില്ലാ പോലീസിനു നാണക്കേടുണ്ടാക്കിയതോടെ ഇരുവരെയും ജില്ലാ പോലീസ് ചീഫ് സ്ഥലം മാറ്റിയിരുന്നു. സജികുമാറിനെ ചിങ്ങവനത്തേക്കും വിദ്യയെ മുണ്ടക്കയത്തേക്കുമാണ് മാറ്റിയത്.
ഇതിനുപുറമെ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയും കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയും അന്വേഷണം നടത്തിയതോടെ സംഭവത്തിനു പിന്നിലെ യഥാർഥ കഥ പുറത്തുവന്നത്.
ഇരുവരും തമ്മിൽ അടുത്ത സൗഹൃദത്തിലായിരുന്നു. രാവിലെ മുതൽ ആരംഭിക്കുന്ന വാടസ് ആപ്പ് മെസേജുകൾ രാത്രിവരെ നീളുകയും ചെയ്തിരുന്നു.
ഇതു ഭാര്യ ചോദ്യംചെയ്തതോടെ പോലീസുകാരിയുടെ നന്പർ എസ്ഐ ബ്ലോക്ക് ചെയ്തു. ഇതു ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വാക്കുതർക്കത്തിലും പരസ്യമായ അടിയിലും കലാശിച്ചത്.