നവാസ് മേത്തർ
തലശേരി: കോഴിക്കോട് ഡിടിസിയുടെ അധിക ചുമതല ഉൾപ്പെടെയുണ്ടായിരുന്ന തൃശൂർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. അജിത് കുമാറിന്റെ സസ്പെൻഷനു പിന്നിൽ മന്ത്രിയുടെ ഓഫീസെന്ന് ആരോപണം. സസ്പെൻഷൻ മോട്ടോർ വാഹന വകുപ്പിൽ വൻ പൊട്ടിത്തെറിക്ക് ഇടയാക്കി. ടിപ്പർ മാഫിയക്കെതിരെ കർശന നടപടി സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥനെതിരെ പെട്ടെന്നുണ്ടായ സസ്പെൻഷൻ നടപടിക്കെതിരെ ഉദ്യോഗസ്ഥർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
മന്ത്രിയുടെ ഓഫീസിലെ ചിലരുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി സത്യസന്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥനെ ബലിയാടാക്കിയതിനു പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥ തലത്തിലെ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒറ്റക്കെട്ടായി മന്ത്രിയേയും മുഖ്യമന്ത്രിയെയും കാണാൻ നീക്കം ആരംഭിച്ചു.
ചെക്ക് പോസ്റ്റുകളിൽ മന്ത്രി ഓഫീസിന്റെ താത്പര്യക്കാരെ ഡ്യൂട്ടിക്കിടാൻ വിസമ്മതിക്കുകയും ടിപ്പർ മാഫിയക്കെതിരെ പഴുതടച്ച് നടപടി സ്വീകരിക്കുകയും ചെയ്ത ഡിടിസിയെ ആറുവർഷം മുമ്പ് നടന്ന നടപടി ക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുള്ളതെന്ന് സി പി എം അനുകൂല ഉദ്യോഗസ്ഥ സംഘടനയിലെ പ്രമുഖ നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞു.
അജിത്ത് കുമാർ തിരൂർ ജോയിന്റ് ആർടിഒ ആയിരിക്കെ ഇതര സംസ്ഥാനത്ത് നിന്നും കൊണ്ടു വന്ന വാഹനങ്ങളുടെ നികുതി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ആർ ടി ഒ പദവിയും കടന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ പദവിയിലെത്തുകയും അടുത്ത് തന്നെ പ്രമോഷനാകാനിരിക്കുകയും ചെയ്യുന്ന അജിത്തിനെ സസ്പെൻഡ്ചെയ്തിട്ടുള്ളത്.
തിരൂർ ജോയിന്റ് ആർടിഒ ആയിരിക്കെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ 36 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിൽ സർക്കാരിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നാണ് അജിത്തിനെതിരേയുള്ള ആരോപണം. എന്നാൽ ഈ സംഭവത്തിൽ റവന്യൂ റിക്കവറിയിലൂടെ ഭൂരിഭാഗം തുകയും ഇതിനകം ഈടാക്കുകയും ചെയ്തിട്ടുണ്ട്. ആരോപിക്കപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ട ഫയലിൽ ഏറ്റവും ഒടുവിൽ ഒപ്പു വെച്ച ഉദ്യാഗസ്ഥനാണ് അജിത്ത്.
വാഹനങ്ങൾ ഇൻസ്പെക്ട് ചെയ്ത എഎംവിഐ, എംവിഐ, ക്ലർക്ക്, സൂപ്രണ്ട് തുടങ്ങിയ ഉദ്യോഗസ്ഥരെല്ലാം കണ്ട് ഒപ്പിട്ട ശേഷമാണ് ജോയിന്റ് ആർടിഒ എന്ന നിലക്ക് അജിത്ത് ഫയലിൽ ഒപ്പു വെച്ചിട്ടുള്ളതെന്നും ഫയൽ വന്ന വഴികളിലെ ഉദ്യോഗസ്ഥരെ ഒന്നും തൊടാതെ വർഷങ്ങൾക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥനെ മാത്രം സസ്പെൻഡ് ചെയ്തത് മന്ത്രിയുടെ ഓഫീസിന്റെ താൽപര്യം സംരക്ഷിക്കാൻ മാത്രമാണെന്നും സിപിഎം അനുകൂല സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, സമാനമായ രീതിയിൽ പിഴവു വരുത്തിയിട്ടുള്ള നൂറു കണക്കിന് കേസുകളാണ് കേരളത്തിലുടെനീളം മോട്ടോർ വാഹന വകുപ്പിൽ ഉള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
വകുപ്പിൽ എല്ലാവർക്കും സാധാരണ സംഭവിക്കാവുന്ന സാങ്കേതിക പിഴവിന്റെ മറ പിടിച്ച് നടന്നിട്ടുള്ള സസ്പെൻഷനു പിന്നിൽ പട്ടക്കാരുടെ വിജയം വ്യക്തമാണെന്നാണ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പിലെ ഒരു പോസ്റ്റിൽ പറയുന്നത്. വാഹന ഉടമ സമർപ്പിക്കുന്ന ഇൻവോയ്സിന്റെ അടിസ്ഥാനത്തിൽ നികുതി സ്വീകരിക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തിട്ടുള്ളളതെന്നും ആസൂത്രിതമായ ഈ സസ്പെൻഷനെതിരെ എല്ലാ സംഘടനകളും ഒറ്റക്കെട്ടായി നിൽക്കണമെന്ന നിർദ്ദേശവും വിവിധ ഉദ്യോഗസ്ഥ സംഘടനകൾ നവ മാധ്യമ കൂട്ടായ്മയിലൂടെ പങ്ക് വയ്ക്കുന്നുണ്ട്.
തൃശൂർ ഡിടിസിയെ സസ്പെൻഡ് ചെയ്തതതോടെ തൃശൂർ മുതൽ കാസർഗോഡ് വരെ ഡിടിസി ഇല്ലാതായി. ട്രാൻസ്പോർട്ട് കമ്മീഷണർ സുധേഷ് കുമാർ ഐഎഎസ് സ്വകാര്യ ആവശ്യത്തിനായി സർക്കാർ അനുമതിയോടെ വിദേശത്താണുള്ളത്.