കോഴിക്കോട്: ഭര്ത്താവില്നിന്നു ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് യുവതി നല്കിയ പരാതി അവഗണിച്ച എസ്ഐയെ സ്ഥലംമാറ്റി. താമരശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെതിരേയാണു നടപടി. വടകര വളയം പോലീസ് സ്റ്റേഷനിലേക്കാണു സ്ഥലംമാറ്റം.ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ ഷിബില നൽകിയ പരാതി കൈകാര്യം ചെയ്യുന്നതിൽ എസ്ഐ വീഴ്ച കാണിച്ചെന്നു പരാതി ഉയർന്നിരുന്നു.
ഷിബിലയുടെ കുടുംബം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഭര്ത്താവായ യാസിറിനെതിരേ പരാതി നല്കിയിട്ടും നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് ഷിബിലയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ലഹരിക്കടിമയായ ഭര്ത്താവ് നിരന്തരം ഉപദ്രവിക്കുന്നതായായിരുന്നു പരാതി.
മാർച്ച് 18 ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ സംഭവം. കത്തിയുമായി എത്തിയ യാസിര് യുവതിയെ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. യാസറിന്റെ ലഹരിയുപയോഗവും ശാരീരിക പീഡനവും മൂലം സഹികെട്ടാണ് ഷിബില, യാസറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്.
വസ്ത്രങ്ങളും വിവിധ രേഖകകളും വാടകവീട്ടിലായിരുന്നു.ഇതെടുക്കാൻ ഷിബിലയും കുടുംബവും ശ്രമിച്ചെങ്കിലും യാസർ സമ്മതിച്ചില്ല. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബില പോലീസിൽ പരാതി നല്കുകയായിരുന്നു.