കോളജ് പ്രവേശന ചടങ്ങിനിടെ കോളജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ കയറി ജയ് ശ്രീറാം വിളിച്ച വിദ്യാര്‍ഥിയെ അധ്യാപികമാർ ഇറക്കി വിട്ടു.
പിന്നാലെ ഇറക്കി വിട്ട അധ്യാപികമാര്‍ക്ക് സസ്പെന്ഷന്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എ.ബി.ഇ.എസ് എഞ്ചിനീയറിങ് കോളജിലാണ് സംഭവം. അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശര്‍മ എന്നിവര്‍ക്കെതിരെയാണ് നടപടി.
വെള്ളിയാഴ്ച കോളേജ് പ്രവേശന ചടങ്ങ് നടക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി സ്റ്റേജിലെത്തി ജയ് ശ്രീറാം വിളിക്കുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപികമാര്‍ വിദ്യാര്‍ഥിയോട് സ്റ്റേജില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.
അധ്യാപികമാർ വിദ്യാർഥിയെ സ്റ്റേജിൽ നിന്നും ഇറക്കി വിടുന്ന വീഡിയോ സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ചതോടെ ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഇവര്‍ പ്രതിഷേധം ശക്തമാക്കിയതോടെയാണ് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തത്. പെരുമാറ്റം അനുചിതമെന്ന് പറഞ്ഞാണ് കോളജ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ അധ്യാപികമാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
അതേസമയം സസ്പെൻഷനിലായ രണ്ട് അധ്യാപികമാരും കുറ്റം സമ്മതിച്ചിട്ടില്ല. ജയ് ശ്രീറാം വിളിക്കുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും, തന്നോട് തർക്കിച്ചതുകൊണ്ടാണ് വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയെന്നും അധ്യാപികമാരിലൊരാളായ മംമ്ത ഗൗതം പറഞ്ഞു.
സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അനുയോജ്യമായ നടപടി കെെക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.