കോഴിക്കോട്: നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് അധ്യാപകനും ഭാര്യയായ അധ്യാപികയ്ക്കും സസ്പെന്ഷന്. സംഭവം വകുപ്പിനുതന്നെ നാണക്കേടായ സാഹചര്യത്തിലാണ് കൊടുവള്ളി എഇഒയുടെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് നടപടി എടുത്തത്.
പോലൂർ എൽപി സ്കൂളിലെ അധ്യാപകനായ എം.പി. ഷാജി, ഭാര്യ എരവന്നൂർ എയുപി സ്കൂളിലെ അധ്യാപിക സുപ്രീന എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഷാജിക്കും ഭാര്യക്കുമെതിരേ എരവന്നൂര്‍ സ്കൂളിലെ അധ്യാപകര്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുന്നു എന്നാണ് ഉത്തരവിലുള്ളത്. ഷാജിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചശേഷമാണ് നടപടി.
ഇദ്ദേഹത്തിന്റെ ഭാര്യ ജോലി ചെയ്യുന്ന എരവന്നൂർ സ്കൂളിലെ സ്റ്റാഫ് കൗൺസിൽ യോഗത്തിലേക്ക് മറ്റൊരു സ്കൂളിലെ അധ്യാപകനായ ഷാജി അതിക്രമിച്ച് കയറി അധ്യാപകരെ മർദിച്ച കേസിലാണ് അറസ്റ്റുണ്ടായത്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകന്റെയടക്കം പരാതിയിലാണ് ഷാജിക്കെതിരെ കേസെടുത്തത്. എരവന്നൂർ സ്കൂളിലെ പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.
സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ സ്കൂളിലെ അധ്യാപകർ തല്ലിയ പരാതി ഒത്തുതീർത്തെങ്കിലും സുപ്രീന വിവരം പോലിസിന് കൈമാറിയിരുന്നു. ഇത് ചർച്ച ചെയ്യാൻ വിളിച്ച സ്റ്റാഫ് കമ്മിറ്റി യോഗത്തിലാണ് തർക്കം നടന്നത്. യോഗം നടക്കുന്നതറിഞ്ഞ് സ്കൂളിലെത്തിയ ഷാജി യോഗത്തിലേക്ക് അതിക്രമിച്ച് കയറുകയും അധ്യാപകരെ മർദിക്കുകയുമായിരുന്നു.
സുപ്രീന വിവരം പോലീസിലറിയിച്ചത് ശരിയായില്ലെന്ന് സ്റ്റാഫ് യോഗം നിലപാടെടുത്തതോടെയാണ് ഷാജി കടന്നുകയറി അതിക്രമം കാട്ടിയതെന്നാണ് ഇവരുടെ ആരോപണം. എന്നാൽ വിദ്യാര്‍ഥിയുടെ പരാതി അട്ടിറിക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ സംസാരിച്ചതെന്ന് സുപ്രീന പറയുന്നു. തന്നോട് മറ്റ് അധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഭർത്താവ് ഇടപെട്ടത്.
ഉന്തും തളളും മാത്രമാണ് ഉണ്ടായതെന്നും അധ്യാപിക അറിയിച്ചു. ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് താൻ സ്കൂളിലെത്തിയതെന്നാണ് ഷാജി സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.