കമ്പ്യൂട്ടര്‍ ശരിയാക്കി തരും ..! സൂതാര്യ കേരളം പദ്ധതിക്കായി തുറന്ന ഓഫീസുകള്‍ പൂട്ടിക്കെട്ടി;പരാതികള്‍ ഓണ്‍ലൈന്‍വഴി മതിയെന്ന് സര്‍ക്കാര്‍; പരിഹാരമാകാതെ ആയിരക്കണക്കിന് പരാതികള്‍

fb-suthariya-keralam

വി.ആര്‍. അരുണ്‍കുമാര്‍

കോട്ടയം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആവിഷ്ക്കരിച്ച സുതാര്യ കേരളം പദ്ധതിയ്ക്കു ഒടുവില്‍ പൂട്ടുവീണു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രവര്‍ത്തിച്ചു വന്ന സുതാര്യ കേന്ദ്രത്തിന്റെ ഓഫീസുകള്‍ ഇതിനോടകം പൂട്ടി. കോട്ടയം കളക്‌ട്രേറ്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് കഴിഞ്ഞ മാസം 30നു പൂട്ടി. സുതാര്യ കേരളം പദ്ധതി നിര്‍ത്തലാക്കിയതോടെ അധികൃതരുടെ പരിഗണനയ്ക്കായി കെട്ടിക്കിടക്കുന്നത് രണ്ടായിരത്തിലധികം പരാതികളാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ മുഖ്യമന്ത്രിക്ക് പരാതികള്‍ ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സംവിധാനം നടപ്പാക്കിയതോടെയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ സുതാര്യ കേരളം പദ്ധതി നിര്‍ത്തലാക്കിയത്. നിലവില്‍ സുതാര്യ കേരളത്തിലൂടെ സാധാരണക്കാര്‍ നല്‍കിയ പരാതികളെ കുറിച്ച് അധികൃതര്‍ക്കു വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്നില്ല. സുതാര്യ കേരളം പദ്ധതിയിലൂടെ പരാതി സമര്‍പ്പിച്ചു രണ്ടാഴ്ച്ചയ്ക്കകം മറുപടി നല്‍കുമെന്നായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ പറഞ്ഞിരുന്നത്.

സുതാര്യ കേരളത്തിന്റെ ജില്ലാ സെല്ലുകള്‍ക്ക് പൂട്ടു വീണതോടെ കെട്ടിക്കിടക്കുന്ന പരാതികള്‍ക്ക് എന്തു പരിഹാരം കാണുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍. സംസ്ഥാനത്തെ ചില ജില്ലകളിലെ സുതാര്യ കേരളം പദ്ധതിയില്‍ പൂട്ടുവീഴുന്നതിനു മുമ്പ് പരാതികള്‍ അതാതു വകുപ്പുകളില്‍ ഏല്‍പ്പിച്ചെന്നു സുതാര്യ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അധികൃതരുടെ പരിഗണനയ്ക്കായി വിവിധ വകുപ്പുകളിലേക്ക് കൈമാറിയ പരാതികള്‍ക്കുള്ള മറുപടിയും കെട്ടിക്കിടക്കുകയാണ്.

കേരളത്തിലെ 14 സെല്ലുകളിലായി ലഭിച്ചത് 25000 ലധികം പരാതികളാണ്. ഇവയില്‍ ഏറെയും പരിഹാരം കാണാത്തവയാണെന്ന് മുന്‍ ജീവനക്കാര്‍ തന്നെ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിക്ക് പരാതി സമര്‍പ്പിക്കാന്‍ ഓണ്‍ലൈന്‍ പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഇതുവരെ ലഭിച്ച പരാതികള്‍ എന്തുചെയ്യുമെന്നതില്‍ യാതൊരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.

ലോകത്തിന്റെ ഏതു കോണില്‍ നിന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കാമെന്ന് സര്‍ക്കാര്‍ വാദിക്കുമ്പോഴും നാട്ടിലെ സാധാരണക്കാര്‍ക്ക് ഇങ്ങനെയാണ്് പരാതി നല്‍കേണ്ടെതിനെക്കുറിച്ച് യാതൊരു അറിവുമില്ല. നിലവില്‍ ഓണ്‍ലൈന്‍ വഴി പരാതികള്‍ സാധാരണക്കാര്‍ നല്‍കണമെങ്കില്‍ അക്ഷയ സെന്ററിനെ ആശ്രയിക്കണം. എന്നാല്‍ സുതാര്യ കേരളം പദ്ധതി നിലവിലുണ്ടായിരുന്നപ്പോള്‍ ജില്ലാ അടിസ്ഥാനത്തില്‍ തന്നെ പരാതികള്‍ക്ക് മറുപടി നല്‍കുന്ന രീതിയാണുണ്ടായിരുന്നത്.

സുതാര്യ കേരളത്തിന്റെ ജില്ലാ സെല്ലുകളില്‍ ഭൂരിഭാഗവും പരാതിയുമായി എത്തിയിരുന്നത് പ്രായമായവരായിരുന്നു. എന്നാല്‍ പദ്ധതി നിര്‍ത്തലാക്കിയതോടെ ഇവരും പ്രതിസന്ധിയിലായി. ഭരണം മാറുന്നതിനനുസരിച്ച് സംവിധാന രീതിയും മാറുന്നത് അംഗീകരിക്കാനാവില്ലെന്നു നിലപാടാണ് പരാതിക്കാര്‍ക്ക്.നിലവില്‍ നല്‍കിയിരിക്കുന്ന പരാതികള്‍ക്ക് എന്തു തീരുമാനമായെന്ന് ചോദിച്ചാല്‍ മറുപടി നല്‍കാന്‍ അധികൃതര്‍ക്കും കഴിയുന്നില്ല.

പുതിയതായി ആരംഭിച്ച പദ്ധതി പ്രകാരം നല്‍കുന്ന പരാതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് എത്തുമെങ്കിലും  മുന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച പരാതികളില്‍ എന്തുതീരുമാനമായെന്നുപോലും വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.

Related posts