കണ്ണൂർ: കെ.സുരേന്ദ്രനെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ജനാധിപത്യ രാഷ്ട്രീയ പാർട്ടി ട്രഷറർ പ്രസീത അഴീക്കോട്.
ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നെന്ന് കൂടുതൽ വ്യക്തമാവുകയാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീത പറഞ്ഞു.
സുൽത്താൻ ബത്തേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ സി.കെ. ജാനുവിന് സുരേന്ദ്രൻ 50 ലക്ഷം രൂപ നൽകിയെന്ന എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ ഹർജിയിൽ കൽപ്പറ്റ കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
തെളിവുകളെല്ലാം ഞങ്ങളുടെ കൈയിലുണ്ടെന്നും അതുവച്ച് അന്വേഷണവുമായി സഹകരിച്ച് പോകാനാണ് തീരുമാനമെന്നും പ്രസീത പറഞ്ഞു.