രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാൽ എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന് ഇത്തവണ കോന്നിയിലേക്ക് അധികം ശ്രദ്ധ നൽകാനായിട്ടില്ല.
എന്നാൽ രണ്ടുവർഷത്തിനുള്ളിൽ സുരേന്ദ്രൻ കോന്നിയിൽ നേരിടുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പാണിതെന്നതിനാൽ വോട്ടർമാരെയും പ്രവർത്തക രെയും അദ്ദേഹത്തിനു പൂർണവിശ്വാസം.
2019 ലോക്സഭ, കോന്നി ഉപതെരഞ്ഞെടുപ്പ് എന്നിവയിൽ സുരേന്ദ്രൻ സ്ഥാനാർഥിയായിരുന്നു.
അന്ന് മുഴുവൻസമയവും മണ്ഡലത്തിലുണ്ടായിരുന്നതിനാൽ മിക്കവാറും എല്ലാ പ്രദേശങ്ങളിലും എത്താനാ യി.
അതുവഴി ഉണ്ടാക്കിയെടുത്ത വൈകാരിക ബന്ധമാണ് കോന്നിയിലേക്ക് വീണ്ടും എത്താനിടയാക്കിയതെന്ന് സുരേന്ദ്രൻ. മൂന്നാംഘട്ട പര്യടനത്തിനാണ് ഇന്നലെ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറയിൽ നിന്ന് തുടക്കം കുറിച്ചത്.
സ്ഥാനാർഥി വരുന്നതിനു മുന്പേ നേതാക്കളെത്തി വോട്ടർമാരെ ബോധവത്കരിക്കുന്നുണ്ട്.
ശബരിമല വിശ്വാസ ആചാര സംരക്ഷണം തന്നെയാണ് പ്രധാന വിഷയം. എൽഡിഎഫ് സർക്കാർ വിശ്വാസികളോടു കാട്ടിയ വഞ്ചനയും യുഡിഎഫിന്റെ നിസംഗതയും ചൂണ്ടിക്കാട്ടിയാണ് പ്രസംഗങ്ങൾ.
സ്ഥാനാർഥിയുടെ പ്രസംഗത്തിൽ ജനകീയ വികസന പ്രശ്നങ്ങളും കേന്ദ്ര സർക്കാരിന്റെ പൊതുവികസന നയവും അതുവഴി നാടിനുണ്ടാകാവുന്ന പുരോഗതിയുമെല്ലാം അക്കമിട്ടു നിരത്തുന്നു.
ശബരിമല വിഷയത്തിൽ ഇപ്പോഴും വഞ്ചനാപരമായ സമീപനമാണ് എൽഡിഎഫിന്േറതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. കോന്നിയിൽ ഇത്തവണ വിജയം ഉറപ്പാണെന്നതിലും സുരേന്ദ്രനു സംശയമില്ല.
തുടർന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് കൂടൽ മേഖലയിലേക്ക് കടന്നു. കലഞ്ഞൂർ പഞ്ചായത്തിലെ മുറിഞ്ഞകൽ ജംഗ്്ഷനിൽ നിന്നാരംഭിച്ച പര്യടനം പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പര്യടനം നടത്തി കുളത്തുമണ്ണിൽ അവസാനിച്ചു. മലയോര പ്രദേശങ്ങളിലുൾപ്പടെ മികച്ച സ്വീകരണമാണ് കെ സുരേന്ദ്രന് ലഭിച്ചത്.
സിനിമാ സീരിയൽ താരങ്ങളായ കൃഷ്ണ പ്രസാദ്, ഗോപകുമാർ എന്നിവർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കെ. സുരേന്ദ്രനു വേണ്ടി വോട്ടഭ്യർഥിക്കുന്നുണ്ടായിരുന്നു.