കരമന: പുരുഷന്മാരെ വശീകരിച്ചു വീട്ടിൽ കൊണ്ടുപോയി ബലാത്സംഗ കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവരുന്ന യുവതി അറസ്റ്റിൽ. ആശാവർക്കർ കൂടിയായ മേലാറന്നൂർ സ്വദേശി സുഗതകുമാരി(38)യെയാണു കരമന സബ് ഇൻസ്പെക്ടർ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പാറശാല സ്വദേശിയായ യുവാവ് കരമന പോലീസിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞയാഴ്ചയാണു കിഴക്കേകോട്ടയിൽ യുവാവും സുഗതകുമാരിയും പരിചയപ്പെട്ടത്. തുടർന്ന് യുവാവിന്റെ മൊബൈൽ ഫോണിൽ നിരന്തരം വിളിച്ചു ബന്ധംസ്ഥാപിച്ചശേഷം സുഗതകുമാരി ഇയാളെ തന്റെ വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.
താനും മകളും മാത്രമേ വീട്ടിലുള്ളൂവെന്നു പറഞ്ഞാണു പരാതിക്കാരനെ ക്ഷണിച്ചത്. ഒരു ആട്ടോറിക്ഷയിൽ ഇരുവരും മേലാറന്നൂർ റെയിൽവേ ക്രോസിനടുത്തുള്ള സുഗതകുമാരിയുടെ വാടക വീട്ടിലേയ്ക്കെത്തുകയും വീട്ടിനകത്തു കയറിയ ഉടനെ സുഗതകുമാരി കതകടച്ചു കുറ്റിയിട്ടശേഷം പരാതിക്കാരന്റെ സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും ചെയ്യുക യായിരുന്നു.
ആഭരണങ്ങൾ കൊടുക്കാൻ വിസമ്മതിച്ച യുവാവിനെ നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും തനിക്ക് സഹായത്തിനായി ആൾക്കാരുണ്ടെ ന്നും കേസിൽ കുടുക്കി പോലീസിനെക്കൊണ്ടു പിടിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുകേട്ടു ഭയന്ന പരാതിക്കാരൻ തന്റെ അഞ്ചര പവന്റെ മാലയും മോതിരവും ഉൗരി നൽകിയശേഷം അവിടെനി ന്നും മടങ്ങുകയായിരുന്നു.
അപമാന ഭയത്താൽ ആദ്യം ആരോടും വിവരം പറയാതിരുന്ന പരാതിക്കാരൻ തുടർന്നു കരമന പോലീസിൽ പരാതി നൽകുകയായിരുന്നു. കരമന പോലീസ് നടത്തിയ ഉൗർജിത അന്വേഷണത്തിലാണു സുഗതകുമാരി യെ മേലാറന്നൂർ ഭാഗത്തു നിന്നും പോലീസ് അറസ്റ്റു ചെയ്തത്.
അന്വേഷണത്തിൽ ഇവർ ആഭരണം പണയംവച്ച മണക്കാട് ഭാഗത്തുള്ള സ്വർണപണയ സ്ഥാപനത്തിൽനിന്നു പരാതിക്കാരന്റെ ആഭരണങ്ങൾ കണ്ടെടുത്തു. നഗരത്തിലെ പല സ്ഥലങ്ങളിലായി വീടു വാടകയ്ക്കെടുത്തതിനുശേഷം നഗരത്തിൽ എത്തുന്ന പുരുഷന്മാരെ വശീകരിച്ചു വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി അവരുടെ ആഭരണങ്ങളും പണവും കവരുകയാണ് പ്രതിയുടെ രീതി. തുടർന്നു വീട് മാറുകയും ചെയ്യും.
കവർച്ച ചെയ്ത ആഭരണങ്ങൾ പണയംവച്ചു ലഭി ക്കുന്ന പണമുപയോഗിച്ച് കാമുകനുമൊത്ത് ആർഭാട ജീവിതമാണു പ്രതി നയിച്ചു വന്നിരുന്നത്. ഇവർക്കെതിരെ മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ രണ്ടു മാല മോഷണ കേസുകൾ നിലവിലുണ്ട്. ഒരു കേസിൽ ശിക്ഷ കഴിഞ്ഞ് ഏതാനും മാസങ്ങൾക്കു മുന്പാണു ജയിലിൽനിന്നു പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം വീണ്ടും തട്ടിപ്പു തുടരുന്നതിനിടെയാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
മാനനഷ്ടം കാരണം പല പുരുഷന്മാരും തട്ടിപ്പു പുറത്തുപറയാറില്ലായിരുന്നു. കരമന സബ് ഇൻസ്പെക്ടർ ആ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്ഐ വിമൽ, എസ്സിപിഒമാരായ അനിൽ, രാകേഷ്, സിപിഒ വിഷ്ണുപ്രിയ എന്നിവരാണു പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.