ബാഴ്സലോണ: ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം ആറുഗോളുകൾ തിരിച്ചടിച്ച ബാഴ്സലോണയ്ക്ക് സ്പാനിഷ് ലാലിഗയിൽ വന്പൻ വിജയം. ജിറോണയെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. മത്സരത്തിൽ ലൂയി സുവാരസ് ഹാട്രിക് നേടി.
മൂന്നാം മിനിറ്റിൽ പോർട്ടുഗീസ് മാൻസനേര നേടിയ ഗോളിലൂടെ ജിറോണ ബാഴ്സയെ ഞെട്ടിച്ചു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ സുവാരസ് സമനില ഗോൾ കണ്ടെത്തി. 30, 36 മിനിറ്റുകളിൽ സൂപ്പർ താരം ലയണൽ മെസി ഗോളുകൾ നേടിയതോടെ ബാഴ്സയുടെ ലീഡ് രണ്ടായി. ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ സുവാരസ് രണ്ടാം ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ ബാഴ്സ 4-1 എന്ന നിലയിൽ മുന്നിട്ടുനിന്നു.
66-ാം മിനിറ്റിൽ, സീസണിൽ ബാഴ്സയിലേക്ക് എത്തിയ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ ബാഴ്സ ലീഡ് ഉയർത്തി. 76-ാം മിനിറ്റിൽ സുവാരസ് ഹാട്രിക് നേട്ടം പൂർത്തിയാക്കുകയും ചെയ്തു.
ജയത്തോടെ സീസണിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സയുടെ പോയിന്റ് നേട്ടം 65 ആയി ഉയർന്നു. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിന് 55, നിലവിലെ ചാന്പ്യൻമാരായ റയൽ മാഡ്രിഡിന് 51 എന്നിങ്ങനെയാണ് പോയിന്റ്.
കൂടാതെ, 32 മത്സരങ്ങളിൽ പരാജയമറിഞ്ഞില്ല എന്ന ക്ലബ്ബ് റിക്കാർഡും ഈ ബാഴ്സ ടീം സ്വന്തമാക്കി. രണ്ടു സീസണുകളിലായാണ് ബാഴ്സയുടെ നേട്ടം. 13 മത്സരങ്ങൾകൂടി പരാജയമറിയാതെ കടന്നാൽ ലാലിഗുടെ ചരിത്രത്തിൽ പരാജയമറിയാതെ സീസണ് പൂർത്തിയാക്കുന്ന ആദ്യ ടീമെന്ന നേട്ടം ബാഴ്സയ്ക്കു സ്വന്തമാക്കാം.