നൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടിയപ്പോൾ ഉറുഗ്വെ സ്ട്രൈക്കർ ലുയിസ് സുവാരസിന്റെ ആഹ്ലാദം ശ്രദ്ധയാകർച്ചു. ഭാര്യ സോഫിയ ബാൽബി ഗർഭിണിയാണെന്നും തങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുകയാണെന്നുമായിരുന്നു ജഴ്സിക്കുള്ളിൽ പന്ത് വച്ചുകൊണ്ടുള്ള സുവാരസിന്റെ ആ ആഘോഷത്തിന്റെ അർഥം.
സുവരാസിന്റെ ഗോളിൽ സൗദി അറേബ്യയെ കീഴടക്കി ഉറുഗ്വെ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് പ്രീക്വാർട്ടറിലെത്തി. 2010ലോകകപ്പിൽ ഉറുഗ്വെ സെമിയിലെത്തിയിരുന്നു. 2014 ൽ പ്രീക്വാർട്ടറിൽ പുറത്തായി. 100 കളിയിൽ 52 ഗോളാണ് സുവാരസിന്റെ പേരിൽ.
ഫാമിലിമാനായി അറിയപ്പെടുന്ന സുവരാസിന്റെ ജീവിതം മാറ്റിമറിച്ചയാളാണ് സോഫിയ ബാൽബി. ഫുട്ബോൾ പഠിക്കാനായി ഉറുഗ്വെൻ ക്ലബ്ബായ നാഷണലിൽ ചേർന്ന സുവാരസിന് അക്കാഡമി പഠനത്തിൽ മിടുക്കുകാണിക്കാനായില്ല.
എന്നാൽ, കുടുംബത്തിലെ സാന്പത്തികബുദ്ധിമുട്ട് മനസിലാക്കി സുവാരസ് കളിയിൽ കൂടുതൽ ശ്രദ്ധിച്ചു. കൗമാരത്തിൽതന്നെ മോശം കൂട്ടുകെട്ടിൽപ്പെട്ട സുവരാസ് അവർക്കൊപ്പം മദ്യപാനം ആരംഭിച്ചു. എന്നാൽ, സോഫിയയെ കണ്ടതോടെ സുവാരസിന്റെ ജീവിതം മാറിമറിഞ്ഞു. തന്റെ പതിനഞ്ചാം വയസിൽ കണ്ടുമുട്ടിയ സോഫിയയുടെ സ്വാധീനം താരത്തിന്റെ സ്വഭാവത്തെയും ജീവിതത്തെയും മാറ്റി.
സോഫിയയുടെ കുടുംബം ബാഴ്സലോണയിലേക്കു കുടിയേറിയതോടെ സുവാരസിന്റെ നോട്ടം യൂറോപ്പിലേക്കായി. അതിനായി ഫുട്ബോളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചു. അധ്വാനത്തിന്റെ ഫലം കണ്ടു, കളത്തിലെ പ്രകടനം മെച്ചപ്പെട്ടു, പിന്നാലെ യൂറോപ്പിലേക്കു വിളിയെത്തി.
ഡച്ച് ക്ലബ്ബുകളാണ് സുവാരസിനെ ആദ്യം ക്ഷണിച്ചത്. തുടക്കം ഗ്രോനിൻഗനിൽ, അവിടെനിന്ന് അയാക്സ്. 2009ൽ സോഫിയയെ വിവാഹം കഴിച്ചു. 2011ൽ ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളിനൊപ്പമുള്ള പ്രകടനം താരത്തെ ബാഴ്സലോണയിലേക്കെത്തിച്ചു. സുവാരസ്-സോഫിയ ദന്പതികൾക്ക് രണ്ടു മക്കൾ, ബെഞ്ചമിനും ഡെൽഫിനയും.