സുവർണ സിന്ധുഗുവാങ്ഷു: വിമർശകർക്ക് ഇനി നാവടക്കാം. കാരണം അവർക്കുള്ള ചുട്ട മറുപടിയായി ഇന്ത്യയുടെ വനിതാ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ബിഡബ്ല്യുഎഫ് വേൾഡ് ടൂർ ഫൈനൽസ് സിംഗിൾസ് കിരീടത്തിൽ മുത്തമിട്ടു.
ഫൈനലിൽ ജയിക്കാൻ കഴിയില്ലെന്ന വിമർശനവും പഴിയുംകേട്ട് കഴിഞ്ഞ പതിന്നാല് മാസങ്ങൾ തള്ളിനീക്കിയ സിന്ധുവിന്റെ മറുപടി ചരിത്രംകുറിച്ചായിരുന്നു എന്നതും ശ്രദ്ധേയം. ബിഡബ്ല്യുഎഫ് കിരീടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സിന്ധു സ്വന്തമാക്കി. ഫൈനലിൽ ജാപ്പനീസ് താരം നവോമി ഒസാക്കയെ 21-19, 21-17നു കീഴടക്കിയായിരുന്നു സിന്ധുവിന്റെ സുവർണ നേട്ടം. ഇരുപത്തെട്ടുകാരിയായ താരത്തിന്റെ കരിയറിലെ 11-ാം സിംഗിൾസ് കിരീടമാണിത്.
തിരിച്ചുവരവും ഒസാക്കയെ കീഴടക്കി
2017 കൊറിയൻ ഓപ്പണിൽ ഒസാക്കയെ കീഴടക്കിയാണ് സിന്ധു കരിയറിലെ അവസാന കിരീടം സ്വന്തമാക്കിയത്. തുടർന്ന് ഹോങ്കോംഗ് ഓപ്പണ്‍ മുതൽ 2018 ഏഷ്യൻ ഗെയിംസ് വരെയായി ഏഴ് ഫൈനലുകളിൽ ഇന്ത്യൻ താരം പരാജയപ്പെട്ടു. അതോടെ ഫൈനലിൽ ജയിക്കാനുള്ള കഴിവും മനക്കരുത്തും സിന്ധുവിനില്ലെന്ന് വിമർശനമുയർന്നു.
അതിനായി വിമർശകർ ഉയർത്തിക്കാട്ടിയത് 2016 ഒളിന്പിക് ഫൈനൽ, 2017 വേൾഡ് ചാന്പ്യൻഷിപ്പ് ഫൈനൽ തുടങ്ങിയ സിന്ധുവിന്റെ പരാജയങ്ങളുമായിരുന്നു. എന്നാൽ, ഒസാക്കയെ കീഴടക്കി ബിഡബ്ല്യുഎഫ് സ്വർണമണിഞ്ഞ് സിന്ധു തനിക്കെതിരായ വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി നല്കി. 2018 തായ്ലൻഡ് ഓപ്പണ്‍, 2017 വേൾഡ് ചാന്പ്യൻഷിപ്പ് എന്നീ ഫൈനലുകളിൽ ഒസാക്കയോടായിരുന്നു സിന്ധു പരാജയപ്പെട്ടത്.
കിരീടമില്ലാത്ത 2018
ഈ വർഷം ഒരു കിരീടം പോലും സ്വന്തമാക്കാൻ സാധിച്ചില്ലെന്നതിനാണ് സിന്ധു ഇന്നലെ പൂർണവിരാമമിട്ടത്. മനസിൽ കിരീടം ഉറപ്പിച്ച് കളിക്കാനിറങ്ങിയ സിന്ധുവിനു മുന്നിൽ ഒസാക്കയ്ക്കു പിടിച്ചുനിൽക്കാൻ സാധിച്ചില്ല. രണ്ട് ഗെയിമിലും മികച്ച രീതിയിൽ തുടങ്ങിയ ഇന്ത്യൻ താരം കളിയിലുടനീളം ആധിപത്യം നിലനിർത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഫൈനലിൽ ജാപ്പനീസ് താരമായിരുന്ന അകാനെ യാമഗുച്ചിയോട് സിന്ധു മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ പരാജയപ്പെട്ടിരുന്നു. മറ്റൊരു ജാപ്പനീസ് താരത്തെ കീഴടക്കി അതിനുള്ള മറുപടിയും ഇന്ത്യൻ താരം നല്കി.
ഇന്ത്യക്കായി ചരിത്രനേട്ടം സ്വന്തമാക്കിയ സിന്ധുവിനെ ബാഡ്മിന്റണ്‍ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ഹിമന്ദ ബിസ്വ ശർമ ഉൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. അടുത്ത വർഷം ഒളിന്പിക് യോഗ്യതാ പോരാട്ടത്തിന്റേതാണെന്നും അതിനുള്ള ഒരുക്കത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും സിന്ധുവും പരിശീലകൻ ഗോപിചന്ദും പറഞ്ഞു.