ന്യൂഡൽഹി: അമൃതസറിലെ സുവർണ ക്ഷേത്രത്തിൽ തുടർച്ചയായ മൂന്നാം ദിവസവും തങ്ങി സേവനം ചെയ്യുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പ്രാർഥനകളിൽ പങ്കെടുത്ത അദ്ദേഹം ക്ഷേത്രത്തിലെത്തുന്നവർക്ക് വിതരണം ചെയ്യുന്ന ഭക്ഷണം തയാറാക്കുന്നതിലും പങ്കെടുത്തു.
ഓപ്പറേഷൻ ബ്ളൂസ്റ്റാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുലിന്റെ സുവർണ ക്ഷേത്ര സന്ദർശനം.
1984ൽ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ നടന്ന ഓപ്പറേഷൻ ബ്ലൂസ്റ്റാർ കോൺഗ്രസിനും സിഖ് സമുദായത്തിനും ഇടയിലെ അകൽചയ്ക്ക് ഇടയാക്കിയിരുന്നു.
പഞ്ചാബിൽ കോൺഗ്രസിനെ അട്ടിമറിച്ച് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം തുടർച്ചയായി രാഹുൽ ഗാന്ധി പഞ്ചാബിൽ തങ്ങുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുറിവുകൾ ഉണക്കാനും ബിജെപിക്കെതിരെ പഞ്ചാബിലുള്ള വികാരം പ്രയോജനപ്പെടുത്താനുമാണ് രാഹുലിന്റെ നീക്കം.
സ്ഥലം എംപി ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കിയാണ് രാഹുൽ സുവർണ ക്ഷേത്രത്തിൽ സേവനത്തിന് എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാത്രമാണ് രാഹുലിന് ഒപ്പമുള്ളത്.