ലോകം ഒരു പന്തിനു ചുറ്റും കറങ്ങുന്നു. ഫുട്ബോളിനെ ഇങ്ങനെ വിശേഷിപ്പിക്കാത്തവര് ആരുമുണ്ടാവില്ല. ആലങ്കാരികമായിട്ടാണ് പറയാറുള്ളതെങ്കിലും കാല്പ്പന്തുക ളിയോടു ലോകത്ത് എല്ലായിടത്തും ഒരു പ്രത്യേക ഇഷ്ടമുണ്ട്. അത് ഇവിടെ കേരളത്തിലാണെങ്കിലും അങ്ങ് ബ്രസീലിലാണെങ്കിലും ഒരുപോലെയാണ്. ഒട്ടേറെ സംഭവവികാസങ്ങള്‍ നടന്ന വര്‍ഷത്തിനാണ് തിരശീല വീഴാനൊരുങ്ങുന്നത്. എന്നത്തെയും പോലെ ചിലര്‍ വാണു, ചിലര്‍ വീണു. ഫുട്ബോളിന്റെ അലിഖിത നിയമങ്ങള്‍ക്കു വശംവദരായി പ്രതിഭയുടെ ധാരാളിത്തത്തില്‍ വീണുപോയവരുണ്ട്. അസംഭവ്യമായി തോന്നിയ കാര്യങ്ങളിലൂടെ അമ്പരിപ്പിച്ച ടീമുകളും താരങ്ങളുമുണ്ട്.
ഓ മെസി!
ലോകത്തെ ഏറ്റവും മുല്യമുള്ള ഫുട്ബോള്‍ സംസ്കാരം കാത്തുസൂക്ഷിക്കുന്നവരാണ് ലാറ്റിനമേരിക്ക.
ബ്രസീലും അര്‍ജന്റീനയും അടക്കിവാഴുന്ന ഭൂഖണ്ഡത്തില്‍ ചെറുമീനുകളുടെ ഉയര്‍ച്ചകള്‍ കണ്ട വര്‍ഷമാണ് 2016. 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന കോപ്പ അമേരിക്കയുടെ ശതാബ്ദി ടൂര്‍ണമെന്റില്‍ ചിലി രണ്ടാം വട്ടം കിരീടമുയര്‍ത്തി. 2015ല്‍ സംഭവിച്ച അതേ ദുരന്തമായിരുന്നു ഫൈനലില്‍ അര്‍ജന്റീനയെ കാത്തിരുന്നത്.ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസിക്കു പോലും ഷൂട്ടൗട്ടില്‍ പെനാല്‍റ്റി പുറത്തേക്കടിച്ചു ഫുട്ബോള്‍ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ കളി കൂടെയാണെന്നുള്ള സത്യത്തിനു മുന്നില്‍ തലകുനിക്കേണ്ടി വന്നു. മഞ്ഞ ജഴ്സിക്കുള്ളിലെ വിങ്ങുന്ന ഹൃദയത്തില്‍ കാല്‍പ്പന്തിനോടുള്ള സ്നേഹത്തെ ആവാഹിച്ചവരാണ് ബ്രസീലുകാര്‍.
ഒരിക്കല്‍പ്പോലും തങ്ങളുടെ ടീം തോല്‍വിയേറ്റു വാങ്ങുന്നത് കാണാന്‍ ആഗ്രഹിക്കാത്തവര്‍. കിരീടം നേടാനുറച്ചു വന്ന മഞ്ഞപ്പടയ്ക്കു ഗ്രൂപ്പ് റൗണ്ടില്‍ തോറ്റുമടങ്ങേണ്ടിവന്നപ്പോള് ലോകത്തെ കാല്‍പ്പന്തു കളി പ്രേമികളെല്ലാം സ്തബ്ധരായാണ് ആ നിമിഷത്തെ നോക്കിക്കണ്ടത്.മെസിയുടെ അസാമാന്യ പ്രതിഭയുടെ ശോഭയില്‍ ഫൈനല്‍ വരെ കുതിച്ചെത്താന്‍ അര്‍ജന്റീനയ്ക്കു സാധിച്ചെങ്കിലും 25 വര്‍ഷത്തെ കിരീട ദാരിദ്ര്യത്തിനു വിരാമം കുറിക്കാന്‍ മെസി നയിച്ച സംഘത്തിന് ഇത്തവണയും സാധിച്ചില്ല.
തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്തവും ഉള്‍ക്കൊണ്ട് മെസിയും അഗ്വേറോയും വിരമിക്കുന്നതിനു കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റിന്റെ ഫൈനലിനു ശേഷം ലോകം സാക്ഷ്യം വഹിച്ചു. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി പിന്നീട് മെസി വിരമിക്കല്‍ തീരുമാനം മാറ്റി വീണ്ടും രാജ്യത്തിനുവേണ്ടി കളിക്കാന്‍ തിരിച്ചുവന്നു.
യൂറോ 2016
ലോകത്തെ ഏറ്റവും ആരാധകരുള്ള ഫുട്ബോള്‍ ലീഗുകളുടെ ഈറ്റില്ലമാണ് യൂറോപ്പ്. ലോകചാമ്പ്യന്മാരായ ജര്‍മനിയും സ്പെയിനും ഫ്രാന്‍സും അങ്ങനെ ഒട്ടേറെ ശക്തന്മാര് മാറ്റുരുയ്ക്കുന്ന യൂറോയില്‍ ഇത്തവണ കിരീടം ഉയര്‍ത്തിയത് പ്രതീക്ഷകളുടെ ഭാരമില്ലാതെ വന്ന പോര്‍ച്ചുഗല്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും വിജയിക്കാതെ സമനിലകളും ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാരുമായി കരകയറിയ പോര്‍ച്ചുഗല്‍ മികച്ച ഫോമില്‍ കലാശ പ്പോരാട്ടിനെത്തിയ ഫ്രാന്‍സിനെയാണ് കീഴടക്കിയത്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോളര് ആരെന്ന ചോദ്യത്തിനു മെസിയുടെ ഒത്ത എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു ലോകത്തിനു മുന്നില്‍ തലയുയര്ത്തിപിടിച്ചു ഫ്രാന്‍സില്‍നിന്നും മടങ്ങാനായി. യൂറോ ഫൈനലിന്റെ ആദ്യപകുതിയില്‍ പരിക്കേറ്റ് പുറത്തായെങ്കിലും കലാശപ്പോരാട്ടം വരെ പറങ്കിപ്പടയെ ഒറ്റയ്ക്കു ചുമലിലേറ്റിയ റൊണോയ്ക്കു തന്നെയാണ് ലോകം യൂറോ കപ്പ് നല്‍കിയത്. അതിനു പ്രതിഫലമെന്നോണം ബാലണ്‍ ഡി ഓര് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.
ഇനി ഫ്രാന്‍സിന്റെ കാലമോ
2006 ലോകകപ്പ് ഫൈനല്‍ ഓര്‍മയില്ലേ വയസന്പടയെന്നു ലോകം കളിയാക്കിയ സംഘത്തെ ഫൈനല്‍ വരെയെത്തിച്ച് അവസാന നിമിഷം ചുവപ്പു കാര്‍ഡ് വാങ്ങി തലകുനിച്ചു സിനദിന്‍ സിദാന് എന്ന ഇതിഹാസതാരം മടങ്ങിയ രാവ്. അന്ന് തലകുനിച്ചു മടങ്ങിയ സിദാനൊപ്പം ഫ്രാന്‍സ് ടീമിനു നഷ്ടമായത് പഴയ പ്രൗഢിയാണ്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം പഴയ ഫ്രാന്‍സിന്റെ മിന്നലാട്ടങ്ങള്‍ക്ക് ഈ വര്‍ഷം ഫുട്ബോള്‍ മൈതാനങ്ങള്‍ വീണ്ടും സാക്ഷിയായി. 2016ല്‍ ഫ്രാന്‍സ് തോല്‍വിയറിഞ്ഞത് ഒരു മത്സരത്തില്‍ മാത്രം. യൂറോ ഫൈനലില്‍ പോര്‍ച്ചുഗലിനെതിരേ. 17 മത്സരങ്ങള്‍ കളിച്ചതില്‍ മൂന്നു കളികള്‍ സമനിലയായപ്പോള്‍ 13 മത്സരങ്ങളിലും ഫ്രാന്‍സ് വിജയിച്ചു കയറി. യൂറോ സെമി ഫൈനലില്‍ ലോക ചാമ്പ്യന്മാരായ ജര്‍മനിയെ കീഴടക്കിയാണ് നീലപ്പട കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. പോള്‍ പോഗ്ബ, ആന്റോണിയോ ഗ്രീസ്മാന് എന്നിങ്ങനെ മികച്ച താരങ്ങള്‍ ഉയര്‍ന്നുവരുന്നത് വരും വര്‍ഷങ്ങളില്‍ ഫ്രാന്‍സിന്റെ നവയുഗപ്പിറവിക്കു കാരണമാകുമോയെന്ന് ലോകം ഉറ്റുനോക്കുന്നു.
സ്പാനിഷ് ക്ലബ്ബുകളുടെ അധീശത്വം
സ്പെയിന് ലോകകപ്പിലും തുടര്‍ച്ചയായി രണ്ടു യൂറോകപ്പിലും മുത്തമിട്ടപ്പോള്‍ ലോകം വാഴ്ത്തിയത് അവര്‍ കളിക്കളത്തില്‍ നടപ്പാക്കിയ ടിക്കിടാക്ക എന്ന ശൈലിയെയാണ്. അതിനൊപ്പം ലാ ലിഗ എന്ന സ്പാനിഷ് ലീഗിന്റെ വിജയവുമായി അതു വാഴ്ത്തപ്പെട്ടു. റയല്‍ മാഡ്രിഡ്, ബാഴ്സലോണ എന്നീ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളായിരുന്നു സ്പാനിഷ് ടീമില്‍ ഭൂരിഭാഗവും. ക്ലബ്ബുകളുടെ മാറ്റുരയ്ക്കലായ ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ലോക ക്ലബ് ലോകകപ്പിലും ഇത്തവണ സ്പാനിഷ് ക്ലബ്ബുകള്‍തന്നെ മുത്തമിട്ടു. ചാമ്പ്യന്‍സ് ലീഗില്‍ രണ്ടു സ്പാനിഷ് ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് കിരീടം നേടി. ക്ലബ്ബ് ലോകകപ്പിനും റയല്‍ ജപ്പാന് ക്ലബ് കാഷിമാ ആന്റലേര്സിനെ തകര്‍ത്തപ്പോള്‍ യൂറോപ്പ ലീഗില്‍ മൂന്നാം തുടര്‍ച്ചയായി വട്ടവും സെവിയ ചാമ്പ്യന്മാരായി.
ലീസ്റ്റര്‍ എന്ന അദ്ഭുതം
ആഴ്സണല്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്കായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടസാധ്യത ഏറ്റവുമധികം കല്പിക്കപ്പെട്ടിരുന്നത്. എന്നാല്‍, മുമ്പ് ഇംഗ്ലണ്ടിനു പുറത്ത് ആരും അറിയാത്ത ലീസ്റ്റര്‍ സിറ്റിയുടെ ലീഗിലെ കുതിപ്പ് കണ്ടപ്പോള്‍ ആദ്യം ഇത് ഭാഗ്യത്തിന്റെ പിന്‍ബലത്തിലാണ്, പകുതി മത്സരങ്ങള്‍ കഴിയട്ടെ എന്നു വിലയിരുത്തലുകളുണ്ടായി. വമ്പന്‍ ടീമുകളുടെ വമ്പിനെ തൂത്തെറിഞ്ഞ കറുത്ത കുതിരകളാവുകയായിരുന്നു ലീസ്റ്റര്‍. ഫുട്ബോള്‍ പണ്ഡിതന്മാരുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലീസ്റ്റര്‍ സ്വന്തമാക്കി. രണ്ടാം സ്ഥാനത്തുള്ള ആഴ്സണലിനേക്കാള്‍ പത്തു പോയിന്റ് അധികം നേടിയാണ് ലീസ്റ്റര്‍ ചാമ്പ്യന്മാരായത്. പുതിയ സീസണില്‍ പക്ഷേ, അവരുടെ കാര്യം പരുങ്ങലിലാണ്.
സ്പെയിനില്‍ ബാഴ്സലോണയുടെ കുതിപ്പിനു തടയിടാന്‍ രണ്ടാം വട്ടവും റയലിനു സാധിക്കാതെ വന്നപ്പോള്‍ ജര്‍മനിയിലും ഫ്രാന്‍സിലും ബയേണ്‍ മ്യൂണിക്കിനും പാരി സെന്റ് ഷര്‍മെയ്നും കിരീടനേട്ടത്തില്‍ എതിരാളികളില്ലാതായി. അഞ്ചാം വട്ടവും തുടര്‍ച്ചയായി ഇറ്റാലിയന്‍ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കി.
ഉണങ്ങില്ല ചാപ്പെക്കോയന്‍സ് എന്ന മുറിവ്
2016ന്റെ ഏറ്റവും വലിയ നൊമ്പരമാണ് ചാപ്പെക്കോയന്‍സ്. ദക്ഷിണ അമേരിക്കന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിനായി കൊളംബിയയിലേക്കു പോയ ബ്രസീലിയന്‍ ക്ലബ്ബായ ചാപ്പെക്കോയന്‍സ് ടീം സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്ന് താരങ്ങളും പരിശീലകരും അടക്കം ജീവന് നഷ്ടപ്പെട്ടത് 71 പേര്‍ക്ക്. ആറു പേര് മാത്രമാണ് ലോകത്തെ നടുക്കിയ ആ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. താരങ്ങളില്‍ ഏറെ പേരെയും ദുരന്തം കൊണ്ടുപോയി. ചാരത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരു ടീമായിരുന്നു ചാപ്പെക്കോയന്‍സ്. 2012ല്‍ മൂന്നാം ഡിവിഷന് ലീഗിനല്നിന്നും മുന്നേറിയ ചാപ്പെ 2014ല്‍ ഒന്നാം ഡിവിഷനിലെത്തി വളര്‍ച്ചയുടെ പാതയിലായിരുന്നു. ആദ്യമായി ദക്ഷിണ അമേരിക്കന്‍ കപ്പിന്റെ ഫൈനലിലെത്തിയ ടീമിനെ കാത്തിരുന്നത് വലിയ മുറിവും.