തിരുവനന്തപുരം: സ്വപ്ന സുരേഷ് പത്താം ക്ലാസ് പാസായതായി അറിയില്ലെന്ന് സ്വപ്നയുടെ അമേരിക്കയിലുള്ള മൂത്ത സഹോദരന്റെ വെളിപ്പെടുത്തൽ നിഷേധിച്ച് ഇളയ സഹോദരൻ.
സ്വപ്ന എംബിഎക്കാരിയാണെന്നാണ് തന്റെ അറിവെന്ന് ഇളയ സഹോദരൻ ബ്രൗൺ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്ക് ഉന്നത ബന്ധങ്ങളുണ്ടോയെന്ന് തനിക്കറിയില്ലെന്നും ബ്രൗൺ സുരേഷ് പറഞ്ഞു.
തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നതിനു മുന്പ് സ്വപ്ന ഗൾഫിൽ നിരവധി സ്ഥാപനങ്ങളിൽ ജോലി നോക്കിയിരുന്നുവെന്നും അവിടെയെല്ലാം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നുവെന്നും ബ്രൗൺ സുരേഷ് പറയുന്നു.
സ്വപ്നയുടെ സഹപ്രവർത്തകർ എന്ന നിലയിലാണ് മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെയും സരിത്തിനേയും പരിചയം. തന്റെ വിവാഹത്തിന് ശിവശങ്കർ പങ്കെടുത്തിരുന്നുവെന്നും ബ്രൗൺ പറയുന്നു.
സ്വർണക്കടത്ത് കേസ് വരുന്നതിനു രണ്ടു ദിവസം മുന്പാണ് സ്വപ്നയോട് അനസാനം സംസാരിച്ചത്. കേസ് വന്നതിനുശേഷം സ്വപ്നയുമായി സംസാരിക്കാൻ സാധിച്ചില്ലെന്നും ബ്രൗൺ വ്യക്തമാക്കി.
തന്റെ മുൻഭാര്യ സ്വപ്നക്കെതിരേ മുൻപ് നൽകിയ ഗാർഹിക പീഡനക്കേസ് വ്യാജമാണെന്നും ഈ കേസ് ഒത്തുതീർപ്പാക്കിയെന്നും ബ്രൗൺ വെളിപ്പെടുത്തി.
തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന് സ്വപ്ന പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും സ്വപ്നയെ പേടിച്ചാണ് താൻ നാട്ടിലോട്ടു വരാത്തതെന്നും കഴിഞ്ഞ ദിവസം മൂത്ത സഹോദരനായ ബ്രൈറ്റ് സുരേഷ് വെളിപ്പെടുത്തിയിരുന്നു.