തിരുവനന്തപുരം: ഒരു വർഷവും മൂന്നര മാസവും നീണ്ട ജയിൽ വാസത്തിനു ശേഷം സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഇന്നലെ അട്ടക്കുളങ്ങര ജയിലിൽ നിന്നു പുറത്തിറങ്ങിയത് കറുപ്പു ചുരിദാറും ഷാളും ധരിച്ച്.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ ബംഗളൂരുവിൽ അറസ്റ്റിലാകുന്പോഴും കറുത്ത വസ്ത്രമായിരുന്നു സ്വപ്നയ്ക്ക്.
മണക്കാടുള്ള യുഎഇ കോണ്‍സുലേറ്റിലെ താരമായി സ്വപ്നപ്രഭ സുരേഷ് ഭരണ സിരാ കേന്ദ്രത്തിലും ഭരണകർത്താക്കളുടെ വീടുകളിലും വിരാജിക്കുന്പോഴും പ്രിയം കറുത്ത വസ്ത്രങ്ങളോടായിരുന്നു.
വരുംദിവസങ്ങളിൽ അവർ നടത്തുമെന്നു പറയുന്ന വെളിപ്പെടുത്തലുകൾ ഏതു തരത്തിലുള്ളതാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനങ്ങൾ.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജിലൂടെ ദുബായിൽ നിന്ന് 2020 ജൂണ്‍ 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സ്വർണമാണു സംശയങ്ങളെത്തുടർന്നു കസ്റ്റംസ് അധികൃതർ തടഞ്ഞുവച്ചത്.
ഇതു വിട്ടുകിട്ടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഓഫീസുകളിൽനിന്നു ഫോണ്വിളികളുണ്ടായെന്ന വെളിപ്പെടുത്തലുകൾ ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കി.
പിന്നീട് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബാഗേജ് തുറന്നു പരിശോധിച്ചപ്പോൾ ഇതിൽ 30 കിലോ സ്വർണമാണെന്നു കണ്ടെത്തി.
തുടർന്ന് ഒളിവിൽ പോയ സ്വപ്നയെ ബംഗളൂരുവിൽനിന്നു ജൂലൈ 11 നാണു പിടികൂടിയത്. ഒപ്പം, സന്ദീപ് നായരും അറസ്റ്റിലായി.
പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിലേക്കും ആരോപണങ്ങൾ നീണ്ടു.
പലവിധ ചോദ്യംചെയ്യലുകൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം. ശിവശങ്കർ അടക്കമുള്ളവർ അറസ്റ്റിലായി.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിൽ കസ്റ്റംസ് സമർപ്പിച്ച കുറ്റപ്പത്രത്തിൽ സ്വപ്നയും സരിത്തും സന്ദീപും ശിവശങ്കറും റമീസും അടക്കം 29 പ്രതികളാണുള്ളത്.
യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് അറിഞ്ഞിട്ടും മറച്ചുവച്ചുവെന്നാണ് മുതിർന്ന ഉദ്യോഗസ്ഥനായ എം. ശിവശങ്കറിനെതിരേ കുറ്റപത്രത്തിലുള്ളത്.
സ്വർണക്കടത്തിനായി ഉപയോഗിച്ച പണം തീവ്രവാദത്തിനായി ഉപയോഗിച്ചെന്ന എൻഐഎ കുറ്റപത്രത്തിൽനിന്നു വിരുദ്ധമായ വാദമായിരുന്നു കസ്റ്റംസിന്റേത്.
കടത്തിയ സ്വർണം ആഭരണങ്ങളാക്കി വിറ്റഴിച്ചെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഏതാനും ജ്വലറി ഉടമകളും പ്രതിയായി.
സ്വർണക്കടത്ത് കേസിൽ ആദ്യം കൊച്ചി കാക്കനാട് ജയിലിലും പിന്നീട് തൃശൂർ വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിൽ എത്തിയത്.