കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധം സംബന്ധിച്ച തെളിവുകള്‍ ഇന്ന് എന്‍ഐഎ ഹാജരാക്കും.
ഇതുസംബന്ധിച്ച് അന്വേഷണത്തിന്റെ ഇതുവരെയുള്ള വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി ഇന്ന് എന്‍ഐഎ കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കും.
കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കേസ് ഡയറി ഹാജരാക്കാനാണ് കഴിഞ്ഞ ദിവസം എന്‍ഐഎ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
കേസിലെ പ്രതികള്‍ക്ക് സ്വര്‍ണം കടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയതെന്ന് കഴിഞ്ഞയാഴ്ച അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു.
തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നും എന്‍ഐഎയുടെ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ വാദം കേള്‍ക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
അതേസമയം നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള പെരിന്തല്‍മണ്ണ സ്വദേശി കെ.ടി. റെമീസിനെ ചോദ്യം ചെയ്തതില്‍നിന്നും നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഇയാളുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്ന്് കോടതിയില്‍ ഹാജരാക്കി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടും. റെമീസിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.