തിരുവനന്തപുരം: “”ഒരു സ്ത്രീ ഇങ്ങനെ മർദിക്കുന്നത് ഞാൻ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളൂ. അവർ അസഭ്യം പറയുകയും എന്നെ പല തവണ മുഖത്തടിക്കുകയും ചെയ്തു”- സ്വപ്ന സുരേഷിന്റെ സഹോദരന്റെ വിവാഹ സത്കാരത്തിനിടെ മർദനമേറ്റ യുവാവിന്റേതാണ് ഈ വെളിപ്പെടുത്തൽ.
സ്വപ്ന സുരേഷിന് ഗുണ്ടാ സംഘമുണ്ടെന്നും യുവാവ് വെളിപ്പെടുത്തുന്നു. വിവാഹ സത്കാരത്തിനിടെ നടന്ന കശപിശയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. യുവാവിന്റെ കഴുത്തിന ു പിടിച്ച് ഒരാൾ മർദിക്കുന്നതും ഇതിനിടയിൽ സ്വപ്ന നിലതെറ്റി താഴെ വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
പക്ഷേ ദൃശ്യങ്ങളിൽ കാണുന്നതിലും കൂടുതലാണ് നടന്നതെന്ന വെളിപ്പെടുത്തലുമായാണ് യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വിവാഹ സത്കാരം നടന്നത്.
പത്തോളം വരുന്ന ബോഡിഗാർഡുകളുടെ സംഘവുമായാണ് സ്വപ്നയെത്തിയത്. സ്വപ്നയുടെ ബന്ധു കൂടിയായ യുവാവ് അന്ന് വിവാഹ സത്ക്കാരത്തിൽ പങ്കെടുത്തു.
ഇതിനിടെ സ്വപ്നയും സംഘവും തന്നെ ഒരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി മർദിച്ചുവെന്നാണ് യുവാവ് വെളിപ്പെടുത്തിയത്. വിവാഹം മുടക്കാൻ താൻ ശ്രമിക്കുന്നുവെന്നാരോപിച്ചായിരുന്നു മർദനം. സ്വപ്നയ്ക്കൊപ്പം ഭർത്താവും സരിത്തും ബോഡി ഗാർഡുമുണ്ടായിരുന്നുവെന്ന് യുവാവ് പറയുന്നു.
സരിത്ത് തന്റെ വലതു കയ്യിൽ പിടിച്ചിരുന്നു. ഇടതുകൈയിൽ സ്വപ്നയുടെ ബോഡിഗാർഡ് ആണ് പിടിച്ചിരുന്നത്. സ്വപ്ന അസഭ്യം പറയുകയും പലതവണ തന്റെ മുഖത്തടിക്കുകയും ചെയ്തു. അരമണിക്കൂറോളം ഉപദ്രവം തുടർന്നു.
തന്റെ അമ്മയും കുഞ്ഞും ഇതു കണ്ട് നിലവിളിച്ചപ്പോഴാണ് അവർ പിന്തിരിഞ്ഞതെന്ന് യുവാവ് പറയുന്നു. ഇതിനിടെ അമ്മയെയും കുഞ്ഞിനെയും അവർ ഉപദ്രവിക്കാൻ ശ്രമിച്ചു- യുവാവ് പറയുന്നു.
സംഭവത്തിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് സ്വപ്ന യുവാവിനെ വിളിച്ചിരുന്നു. നടന്നതൊക്കെ പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ് വെളിപ്പെടുത്തി.