സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിലെ അന്വേഷണം ഏതാണ്ട് പൂർണമായി നിലച്ചു.
അന്വേഷണത്തിനുള്ള അനുമതി ആരു തേടുമെന്നതിനെച്ചൊല്ലി പോലീസും ജയിൽ വകുപ്പുമായുള്ള തർക്കത്തെത്തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചത്.
സ്വപ്നയുടെ മൊഴി ചോർന്ന സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടാണു പോലീസ് സ്വീകരിച്ചത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തുവെന്നു ജയിലിൽ കഴിയുന്ന സ്വപ്ന പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നതോടെയാണ് ജയിൽവകുപ്പ് അന്വേഷണം ആവശ്യപ്പെട്ടത്.
സ്വപ്ന കോഫേപോസ തടവുകാരിയായി അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്പോഴാണ് ശബ്ദരേഖ പുറത്തായത്.
പ്രാഥമികാന്വേഷണം നടത്തിയ ജയിൽവകുപ്പ് ജയിലിൽനിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിലപാടു സ്വീകരിച്ചു. അതോടെ ശബ്ദരേഖ ചോർന്നത് എവിടെനിന്നാണെന്നു കണ്ടുപിടിക്കണമെന്നാവശ്യപ്പെട്ടു ജയിൽ ഡിജിപി സംസ്ഥാന പോലീസ് മേധാവിക്കു കത്തു നൽകി.
ജയിൽവകുപ്പിന്റെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചതിന് പിന്നാലെ എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആവശ്യപ്പെട്ടു ജയിൽ മേധാവിക്കു കത്തു നൽകി.
അന്വേഷണത്തിനായി സ്വപ്നയെ ചോദ്യംചെയ്യാൻ ജയിൽവകുപ്പ് അനുമതി വാങ്ങി നൽകണമെന്നായിരുന്നു പോലീസിന്റെ ആവശ്യം.
ജയിൽവകുപ്പ് കസ്റ്റംസിനോട് അനുമതി ആവശ്യപ്പെട്ടെങ്കിലും സാന്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസ് മറുപടി നൽകിയത്.
ഈ മറുപടി പോലീസിനു കൈമാറിയ ജയിൽവകുപ്പ് അനുമതി വാങ്ങേണ്ട ഉത്തരവാദിത്വം പോലീസിനാണെന്ന നിലപാടെടുത്തു.
പക്ഷെ ഏതു വകുപ്പിട്ട് എങ്ങനെ കേസെടുക്കുമെന്നാണ് പോലീസിന്റെ ചോദ്യം. കേസെടുക്കാതെ കോടതിയെ സമീപിക്കാനുമാകില്ല. ഇതോടെ ശബ്ദരേഖ ചോർച്ചയിൽ അന്വേഷണം അനിശ്ചിത്വത്തിലാകുകയായിരുന്നു.
കേസെടുത്ത് സ്വപ്നയുടെ ശബ്ദരേഖ ചോർച്ച അന്വേഷിച്ചാൽ ഗൂഢാലോചനയ്ക്കു നേതൃത്വം നൽകിയ ചില ഉന്നതർ കുടുങ്ങുമെന്നതിനാലാണ് അന്വേഷണം നടത്താത്തതെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്.