കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന നയതന്ത്ര ചാനൽ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് പോലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടെന്നു സൂചന.
എന്നാൽ, കസ്റ്റംസ് കേസ് പൂർണമായും കൈകാര്യം ചെയ്യുകയും കേരള പോലീസിനെ ഒരു തരത്തിലും അടുപ്പിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് വല മുറുക്കാനോ പ്രതിയെ കണ്ടെത്താനോ ശ്രമിക്കുന്നില്ലെന്നാണ് അറിവ്.
കേരള പോലീസിനെ വിശ്വാസത്തിലെടുക്കാതെ അന്വേഷണം നീങ്ങുന്ന സാഹചര്യത്തിൽ അങ്ങോട്ടു സഹായവുമായി ചെല്ലുന്നതിലും അർഥമില്ലെന്നാണ് പോലീസ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
സ്വർണക്കടത്തു കേസ് രാഷ്ട്രീയ വിവാദവും ആയുധവുമായതോടെയാണ് അന്വേഷണത്തിലും പരസ്പര സഹകരണമില്ലാതെ ഏജൻസികൾ മുന്നോട്ടു നീങ്ങുന്നത്.
സ്വർണക്കടത്തു കേസിലെ പ്രതികൾക്കു മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം.ശിവശങ്കറുമായുള്ള ബന്ധം പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായി വളർന്നത്.
മുഖ്യമന്ത്രിയെയും സർക്കാരിനെയും ആക്രമിക്കാൻ യുഡിഎഫും ബിജെപിയും സ്വർണക്കടത്തു കേസ് ആയുധമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കസ്റ്റംസ് കേരള പോലീസിന്റെ സഹായം തേടാതെ അന്വേഷണവുമായി മുന്നോട്ടുപോകുന്നത്.
തുടർഭരണ പ്രതീക്ഷകളുമായി മുന്നേറുകയായിരുന്ന മുഖ്യമന്ത്രിക്ക് ഈ കേസ് കനത്ത പ്രഹരമാകുമെന്നു കണ്ടറിഞ്ഞു തന്നെയാണ് കേന്ദ്രസർക്കാർ അന്വേഷണത്തിൽ പിടിമുറുക്കിയത്. കേരള പോലീസിനെ അന്വേഷണ കാര്യങ്ങളിൽ സഹകരിപ്പിച്ചാൽ വിവരങ്ങൾ ചോരുമെന്നും പ്രതികളിൽ പലരും രക്ഷപ്പെടുമെന്നുമൊക്കെയാണ് വിലയിരുത്തൽ.
കടുത്ത കോവിഡ് നിയന്ത്രണങ്ങളും പരിശോധനകളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വപ്നയ്ക്കും സുഹൃത്ത് സന്ദീപിനും ഏറെ അകലേക്കൊന്നും പോകാൻ കഴിഞ്ഞിട്ടില്ലെന്നു പോലീസിനറിയാം.
പടങ്ങളും ദൃശ്യങ്ങളുമെല്ലാം സകല മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന സ്വപ്നയ്ക്ക് ഇപ്പോൾ തങ്ങുന്ന സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു മാറുകയെന്നതും ഇനി അസാധ്യമാണ്.
രാഷ്ട്രീയ സ്വാധീനമുള്ള ചിലരാണ് ഇരുവർക്കും ഒളിയിടം ഏർപ്പാടാക്കി കൊടുത്തതെന്നാണ് സൂചന. സ്വപ്ന മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയിൽ ഒാൺലൈൻ മുഖേന ഫയൽ ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി വൈകി ഫയൽ ചെയ്തതു കാരണം ഇന്നത്തെ പരിഗണനാപ്പട്ടികയിൽ വന്നിട്ടില്ല. ഒരു പക്ഷേ, നാളെ പരിഗണിച്ചേക്കും. അതിലെ തീരുമാനത്തെ ആശ്രയിച്ചിരിക്കും സ്വപ്നയുടെ അടുത്ത നീക്കം.
മുൻകൂർ ജാമ്യഹർജി തള്ളിയാൽ കീഴടങ്ങാനാണ് സാധ്യത. അതേസമയം, കസ്റ്റംസും പോലീസും കൈകോർത്തു നീങ്ങിയിരുന്നെങ്കിൽ ഇതിനകം സ്വപ്നയും സന്ദീപും പിടിയിൽ ആയേനെ. പ്രതികൾ പിടിയിലാകാൻ വൈകുന്നത് അവർക്കു രക്ഷപ്പെടാനുള്ള തന്ത്രങ്ങളൊരുക്കാൻ കൂടുതൽ അവസരം നൽകിയേക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.