രാഷ്ട്രീയ വിവാദമായി വളർന്നിരിക്കുന്ന നയതന്ത്രചാനൽ സ്വർണക്കടത്തു കേസിൽ കൂടുതൽ അന്വേഷണത്തിനുള്ള നിർണായക മൊഴികൾ ലഭിച്ചതു രണ്ടു പ്രതികളുടെ ഭാര്യമാരിൽനിന്ന്.
ഒന്നാം പ്രതി പി.എസ്. സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരാണ് സംഭവവുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ കസ്റ്റംസ് സംഘത്തിനു നൽകിയത്.
പ്രതികളുമായി ബന്ധപ്പെട്ട് ഇതുവരെ ചിത്രത്തിൽ ഇല്ലാതിരുന്ന ചിലരുടെ പേരുകൾ ഇവരുടെ മൊഴിയിൽ ഉണ്ട്. കൂടുതൽ പേരെ പ്രതി ചേർക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കൊന്പൻ സ്രാവുകൾ
പ്രതികളുമായി ബന്ധം പുലർത്തിയിരുന്നവരെന്നു സംശയിക്കുന്നവരുടേതാണ് ഭാര്യമാർ വെളിപ്പെടുത്തിയ ഈ പേരുകൾ. ഈ വ്യക്തികളെക്കുറിച്ച് അന്വേഷിച്ചുപോയ അന്വേഷണസംഘം അന്പരന്നു. തീവ്രവാദം ഉൾപ്പടെയുള്ള പശ്ചാത്തലം ചിലർക്കുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് എൻഐഎ ഇടപെടൽ വേഗത്തിൽ എത്തിയത്.
സ്വർണക്കടത്തു വഴി കിട്ടുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ടെന്നതു നേരത്തെ തന്നെയുള്ള ആരോപണമാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ കാര്യമായ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല.
ഭാര്യമാരുടെ മൊഴികളിൽ വന്ന പേരുകളുടെ ഗൗരവം കണക്കിലെടുത്ത് ഇവരുടെ മൊഴി മജിസ്ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. അതുപോലെ ഇവർക്കു പ്രത്യേക സുരക്ഷയും ഏർപ്പെടുത്തും.
ഐഎസ് പോലെയുള്ള ആഗോള ഭീകരസംഘടനകളുമായി ബന്ധപ്പെട്ടവർ സ്വർണക്കടത്തിൽ കണ്ണിചേരുന്നുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
കടത്ത് തുടരുന്നു
ദിനം പ്രതി സ്വർണക്കടത്തിനു നിരവധി പേർ പിടിയിലാകുന്നുണ്ടെങ്കിലും ഒരു കുറവുമില്ലാതെ ഇതു തുടരുന്നത് ഇതിനു പിന്നിലുള്ള സംഘങ്ങളുടെ സ്വാധീനവും ശക്തിയും സന്നാഹവുമാണ് വ്യക്തമാക്കുന്നത്. ഇന്നലെ പോലും സ്വർണക്കടത്ത് പിടിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽനിന്നു എയർ കസ്റ്റംസ് ഇന്റലിജൻസ് ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. ഇത്രയും വിവാദം കത്തിനിൽക്കുമ്പോഴും സ്വർണക്കടത്തിനു തയാറാകുന്നു എന്നത് ഈ സംഘങ്ങളുടെ ധൈര്യവും സ്വാധീനവും വ്യക്തമാക്കുന്നതാണ്.
പിടിയിലാകുന്നവർ ചെറുമീനുകൾ മാത്രമാണെന്നതാണ് സത്യം. വന്പൻ സ്രാവുകൾ കളത്തിനു പുറത്താണ്.
സ്വപ്നയും സന്ദീപും
ഇപ്പോൾ തിരുവനന്തപുരം സ്വർണക്കടത്തിൽ സ്വപ്നയും സന്ദീപും സരിത്തുമൊക്കെയാണ് മുഖ്യപ്രതികൾ എന്നാണ് പറയുന്നത്. എന്നാൽ, സ്വർണക്കടത്തിലെ യഥാർഥ പ്രതികൾ ഇനിയും കാണാമറയത്താണ്.
സ്വപ്നയും സന്ദീപുമൊക്കെ ഇടനിലക്കാർ മാത്രമാണ്. സ്വർണം കയറ്റിവിടുന്ന വന്പൻ സ്രാവുകളെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. വിദേശ രാജ്യങ്ങളിൽ അന്വേഷണം നടത്താൻ അന്വേഷണ ഏജൻസികൾക്കുള്ള പരിമിതികളാണ് ഇങ്ങനെയുള്ളവരെ കണ്ടെത്താനുള്ള ഏറ്റവും വലിയ വെല്ലുവിളി.
അതേസമയം, അയയ്ക്കുന്നവരെ പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഈ സ്വർണം ആർക്കായിട്ടാണ് എത്തുന്നതെന്ന് കണ്ടുപിടിക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് വിചിത്രം. രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങളിൽ ഇത്തരക്കാർക്കുള്ള സ്വാധീനമാണ് അന്വേഷണങ്ങൾ വഴിമുട്ടാൻ കാരണമെന്നാണ് ആരോപണം.
ആരാണ് ഫൈസൽ ഫരീദ്?
ഫൈസൽ ഫരീദ് എന്ന അജ്ഞാതനെയും പ്രതി ചേർത്താണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നാം പ്രതിയാണിയാൾ. ഇയാളാണ് സ്വർണം നയതന്ത്ര ചാനലിലൂടെ കയറ്റിവിട്ടതെന്നാണ് സ്വപ്നയുടെയും മറ്റും മൊഴി.
എന്നാൽ, ഇയാൾ ആരാണെന്നതു സംബന്ധിച്ച് അന്വേഷണ സംഘത്തിന് ഇനിയും വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. കൊച്ചി സ്വദേശിയാണെന്നു മാത്രമാണ് പുറത്തുവന്ന വിവരം. ഇത് ഇയാളുടെ യഥാർഥ പേരു തന്നെയാണോ എന്നതു പോലും ഉറപ്പില്ല.
യുഎഇ സർക്കാരിന്റെ സഹായമില്ലാതെ ഇയാളെ കണ്ടെത്താനോ തെരച്ചിൽ നടത്താനോ കഴിയില്ലെന്നതാണ് വസ്തുത. മിക്കവാറും ഇയാൾ അജ്ഞാതനായിത്തന്നെ തുടരാനാണ് സാധ്യത.