ന്യൂഡൽഹി: ഏഴുമാസം പ്രായമുള്ള നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചുകൊന്ന അമ്മ അറസ്റ്റിൽ. രാജ്യതലസ്ഥാനത്തെ ഹസ്രത്ത് നിസാമുദ്ദീനിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടി ജനിച്ചതു മുതലാണ് തങ്ങളുടെ കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയതെന്നും ജീവിച്ചിരുന്നാൽ കുട്ടി തങ്ങൾക്ക് ഭാഗ്യക്കേടാകുമെന്നുള്ള അന്ധവിശ്വാസവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആദിബയെന്ന 27കാരിയാണ് അറസ്റ്റിലായതെന്നും ഓഗസ്റ്റ് 20നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; ഓഗസ്റ്റ് 20ന് ഡൽഹിയിലെ മൂൽചന്ദ് ആശുപത്രിയിൽ നിന്നാണ് ഏഴ് മാസം പ്രായമായ കുട്ടിയെ മരിച്ച നിലയിൽ മാതാപിതാക്കൾ കൊണ്ടു വന്നിട്ടുണ്ടെന്ന് പോലീസ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കുട്ടി ബക്കറ്റിൽ നിറച്ച്വച്ചിരുന്ന വെള്ളത്തിൽ വീണെന്നാണ് ആബിദ ഭർത്താവിനെയും പോലീസിനെയും ധരിപ്പിച്ചിരുന്നത്. ഇക്കാര്യം ഭർത്താവ് സ്ഥിരീകരിക്കുകയും ചെയ്തു.
സൂക്ഷ്മ പരിശോധനയിൽ കുട്ടിയുടെ കഴുത്തിന്റെ ഭാഗത്ത് കൈകൊണ്ട് അമർത്തിയതിന്റെ പാടുകൾ കാണുകയും ഇതേത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമാത്. കുട്ടിയുടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും ആന്തരികാവയവങ്ങളിൽ വെള്ളത്തിന്റെ അംശം കണ്ടെത്താനായില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഇതേത്തുടർന്ന് മാതാപിതാക്കളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെയാണ് ആദിബ കുറ്റം സമ്മതിച്ചത്. കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നശേഷം വെള്ളം നിറച്ച ബക്കറ്റിൽ മുക്കുകയും ചെയ്തെന്ന് ആബിദ കുറ്റ സമ്മതമൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.