വിഴിഞ്ഞം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച പെൺകുട്ടിയുടെ ചിത്രമെന്ന രീതിയിൽ സാമൂഹ്യ പ്രവർത്തകയുടെ ചിത്രം വാട്സ്ആപ്പിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോവളം പോലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് കോവളം പോലീസ് കേസെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സ്വദേശികളായ മുന്നു യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.എന്നാൽ ഇവരുടെ പക്കൽനിന്ന് മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് വിഭാഗത്തിന്റെ പരിശോധക്കയച്ചിട്ടുണ്ട്.
പരിശോധന ഫലത്തിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ഇവർക്കെതിരെ കൂടുതൽ നടപടികളുണ്ടാകുമെന്ന് കോവളം പോലീസ് പറഞ്ഞു.പരാതിക്കാരിയായ സാമൂഹ്യപ്രവർത്തകയുടെ ചിത്രവും, അപകീർത്തികരമായ പരാമർശവും ഇവർ വാട്സാപ്പിലൂടെ ഷെയർ ചെയ്തിരുന്നതായി പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇവരെ കൂടതെ ചിത്രം ഷെയർ ചെയ്ത നിരവധിപേർ പോലീസ് സൈബർ വിഭാഗത്തിന്റെ നിരീഷണത്തിലാണ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫോറൻസിക് പരിശോധനാ ഫലം വേഗത്തിലാക്കാനുളള അപേക്ഷ നൽകിയിട്ടുണ്ടെന്ന വിഴിഞ്ഞം സിഐ എൻ. ഷിബു പറഞ്ഞു.