സത്യം പുറത്തുകൊണ്ടുവരാന്‍ നുണപരിശോധന! ഗംഗേശാനന്ദയ്ക്ക് ജാമ്യമില്ല; പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ്; നിലപാട് അറിയിക്കാന്‍ പെണ്‍കുട്ടിയോട് കോടതി

Swami

തിരുവനന്തപുരം: ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയയാകുവാൻ കഴിയുമോ എന്ന് ആരാഞ്ഞ് കോടതി പെണ്‍കുട്ടിക്ക് നോട്ടീസ് അയച്ചു. പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന പോലീസിന്‍റെ അപേക്ഷയിലാണ് കോടതി നടപടി. ഈ മാസം 26ന് കോടതിയിൽ ഹാജരായി പെണ്‍കുട്ടി നുണപരിശോധനയ്ക്ക് വിധേയയാകുവാൻ കഴിയുമോ എന്ന് വ്യക്തമാക്കണമെന്നാണ് തിരുവനന്തപുരം പോക്സോ കോടതി നിർദ്ദേശം.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താൻ മുറിക്കുകയായിരുന്നുവെന്നാണ് കേസിൽ ആദ്യം പെണ്‍കുട്ടി മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്‍റെ കാമുകന്‍റെ നിർദ്ദേശപ്രകാരമാണ് താൻ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ് കോടതിയിൽ അപേക്ഷ നൽകിയത്.

അതേസമയം ജാമ്യം തേടി ഗംഗേശാനന്ദ സമർപ്പിച്ച ഹർജി പോക്സോ കോടതി തള്ളി. സ്വാമിക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. അന്വേഷണം പുരോഗമിക്കുന്പോൾ സ്വാമിക്ക് ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പോലീസിന്‍റെ ആവശ്യം.

Related posts