കൊച്ചി: സ്വാമി ഗംഗേശാനന്ദ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണു മജിസ്ട്രേറ്റ് മുന്‍പാകെ ഇങ്ങനെ മൊഴി നൽകിയതെന്നും സ്വാമി നിരപരാധിയാണെന്നും വ്യക്തമാക്കി കേസിലുൾപ്പെട്ട പെണ്‍കുട്ടി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിൽ കഴിയുന്ന സ്വാമി നൽകിയ ജാമ്യാപേക്ഷയിലാണു പെണ്‍കുട്ടിയുടെ സത്യവാങ്മൂലം.
കഴിഞ്ഞ മേയ് 19നാണു പെണ്‍കുട്ടിയുടെ ആക്രമണത്തെത്തുടർന്നു ജനനേന്ദ്രിയത്തിനു ഗുരുതരമായി പരിക്കേറ്റ സ്വാമിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. സ്വാമിയുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആക്രമിച്ചുവെന്നാണു കേസ്. എന്നാൽ സ്വാമി തന്നെ ഒരിക്കലും പീഡിപ്പിച്ചിട്ടില്ലെന്നും കുട്ടിയെപോലെയാണു സ്വാമി തന്നെ കണ്ടിരുന്നതെന്നും പെണ്‍കുട്ടി സത്യവാങ്മൂലത്തിൽ പറയുന്നു.
എനിക്കും കുടുംബത്തിനും സ്വാമിയുമായി നല്ല ബന്ധമാണുള്ളത്. നിയമപഠനം നടത്താൻ പിന്തുണയും ധൈര്യവും തന്നതു സ്വാമിയാണ്. സ്വാമിയുടെ അഭിഭാഷകനു നൽകിയ കത്തും കോടതിയിൽ നൽകിയ പരാതിയും സത്യമാണ്. എന്നാൽ പോലീസ് രേഖപ്പെടുത്തിയ പ്രഥമവിവര സ്റ്റേറ്റ്മെന്റും മജിസ്ട്രേറ്റ് മുന്‍പാകെ താൻ നൽകിയ മൊഴിയും സത്യമല്ല. പോലീസ് നിർബന്ധിച്ചതിനാലാണു മജിസ്ട്രേറ്റ് മുന്‍പാകെ സ്വാമിക്കെതിരേ മൊഴി നൽകിയത്.
സ്വാമിക്കെതിരേ മൊഴി നൽകണമെന്ന ആവശ്യം നിരസിച്ചപ്പോൾ പോലീസ് ഭീഷണിപ്പെടുത്തി. അനധികൃതമായി കസ്റ്റഡിയിലെടുത്ത അമ്മയെ താൻ മൊഴി നൽകിയ ശേഷമാണു വിട്ടയച്ചത്. പിന്നീട് മാതാപിതാക്കളെയോ സഹോദരനെയോ കാണാൻ അനുവദിച്ചില്ല. പോലീസിന്റെ വിചിത്രഭാവനയ്ക്കനുസരിച്ചു നിൽക്കുകയല്ലാതെ മറ്റു വഴിയുണ്ടായിരുന്നില്ല.
മാതാപിതാക്കളുടെയടുത്തേക്കു പോകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും നിർബന്ധപൂർവം നിർഭയ ഷെൽട്ടറിലേക്കു മാറ്റി. സത്യങ്ങൾ വ്യക്തമാക്കി സ്വാമിയുടെ അഭിഭാഷകനു കത്തയച്ചിരുന്നു. അഡീഷണൽ സെഷൻസ് കോടതിയിൽ പരാതിയും നൽകിയെന്നു സത്യവാങ്മൂലത്തിൽ പറയുന്നു.