ബംഗളൂരു: യെലഹങ്ക ജംഗമ്മ മഠത്തിലെ സ്വാമിയും സ്ത്രീയുമൊത്തുള്ള അശ്ലീല വീഡിയോദൃശ്യം പുറത്തായി. നഞ്ചേശ്വർ സ്വാമിയെന്ന് അറിയപ്പെടുന്ന സ്വാമി ദയാനന്ദയാണ് വീഡിയോയിൽ ഉള്ളത്. ഒരു സ്വകാര്യചാനലാണ് ദൃശ്യം പുറത്തുവിട്ടത്. വിവരമറിഞ്ഞ് നിരവധി വിശ്വാസികൾ മഠത്തിന് മുന്നിൽ തടിച്ചുകൂടി സ്വാമിക്കെതിരേ പ്രതിഷേധിച്ചു. സ്വാമിക്കെതിരേ നടപടി വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. പോലീസെത്തിയാണ് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. വീഡിയോ പുറത്തായതിനെത്തുടർന്ന് സ്വാമി ഒളിവിലാണ്.
അതിനിടെ, വിവരമറിഞ്ഞ് സ്വാമി ദയാനന്ദയ്ക്ക് പിന്തുണയുമായി എത്തിയ ചിക്കബെല്ലാപുര മഠത്തിലെ സ്വാമി നിരഞ്ജനെ പ്രദേശവാസികൾ തടഞ്ഞു. ജനക്കൂട്ടം അസഭ്യവർഷം ചൊരിഞ്ഞതോടെ സ്വാമി സ്ഥലം കാലിയാക്കുകയായിരുന്നു.
മഠത്തിലെ തന്നെ ഒരു മുറിയിൽവച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. സ്ത്രീ നടിയാണെന്നും സംശയമുണ്ട്. പരാതി ലഭിച്ചാൽ നടപടിയെടുക്കുമെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡി.സി.പി. ഗിരീഷ് പറഞ്ഞു. വീഡിയോ ചിത്രീകരിച്ചത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ല.