തിരുവനന്തപുരം: പീഡന ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസുമായി ബന്ധപ്പെട്ടു സ്വാമിയുടെ സഹായിയായിരുന്ന അയ്യപ്പദാസിനെതിരേ പരാതിയുമായി യുവതി രംഗത്തെത്തി.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത് അയ്യപ്പദാസാണെന്നു യുവതി പേട്ട സിഐക്കു നൽകിയ പരാതിയിൽ പറയുന്നു.കുടുംബത്തിൽ നിന്ന് 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തത് അയ്യപ്പദാസാണ്. തനിക്കും കുടുംബത്തിനും അയ്യപ്പദാസിൽ നിന്നു ഭീഷണി നേരിടുന്നുണ്ടെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.
യുവതിയെ നുണപരിശോധനയ്ക്കും മെഡിക്കൽ പരിശോധനയ്ക്കും വിധേയയാക്കാൻ പോക്സോ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു പരാതിയുമായി രംഗത്ത് എത്തിയത്. താൻ ആരുടെയും വീട്ടുതടങ്കലിൽ അല്ലെന്നും യുവതി അറിയിച്ചു. യുവതി വീട്ടുതടങ്കലിൽ ആണെന്നും മോചിപ്പിക്കാൻ പോലീസിനു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം അയ്യപ്പദാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തിരുന്നു.