ഉഡുപ്പി: ഉഡുപ്പിയിലെ ഷിരൂർ മഠാധിപതി ശ്രീ ലക്ഷ്മിവര തീർഥ സ്വാമിജി വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വേലക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വേലക്കാരിയുമായി സ്വാമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
വേലക്കാരിക്കായി കാറും കിന്നിമുൾക്കിയിൽ ഒരു വീടും സ്വാമി വാങ്ങിക്കൊടുത്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. സ്വാമി മരിക്കുന്നതിന് ഏതാനും ദിവസം മുന്പ് ഈ കാർ മഠം പരിസരത്തു കാണപ്പെട്ടിരുന്നുവത്രെ.
അതിനിടെ, സ്വാമിയുടെ നില ഗുരുതരമായതിനെത്തുടർന്ന് മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽനിന്നു മുങ്ങിയ പുത്തൂർ സ്വദേശിനിയായ മറ്റൊരു സ്ത്രീക്കുവേണ്ടിയും പോലീസ് അന്വേഷണം നടത്തിവരികയാണ്. ഈ സ്ത്രീയുമായും സ്വാമിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞിരുന്നു.
ഏതാനും മാസം മുന്പു മാത്രം സ്വാമിയുമായി ബന്ധം സ്ഥാപിച്ച ഈ സ്ത്രീ അധികം വൈകാതെ സ്വാമിയുടെ ദിനചര്യ നിയന്ത്രിക്കുന്നയാളായി മാറിയെന്നാണു പോലീസ് പറയുന്നത്. മുംബൈയിൽനിന്നുള്ള രണ്ട് ബിസിനസുകാർ മഠവുമായി അടുത്ത ബന്ധം സ്ഥാപിച്ചു സ്വാമിയിൽനിന്ന് 26 കോടി രൂപ തട്ടിയെടുത്തതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.