തിരുവനന്തപുരം: ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ പെണ്‍കുട്ടി ജനനേന്ദ്രിയം മുറിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദ തീർഥ യുവതിക്കെതിരേ രംഗത്ത്.ജനനേന്ദ്രിയം താൻ സ്വയം മുറിച്ചതല്ലെന്നും ഉറങ്ങിക്കിടക്കുമ്പോൾ യുവതിയാണു കൃത്യം നടത്തിയതെന്നും ഗംഗേശാനന്ദ പറഞ്ഞു. തെളിവെടുപ്പിനായി ഗംഗേശാനന്ദയെ യുവതിയുടെ വീട്ടിലെത്തിച്ചപ്പോഴാണ് മാധ്യമങ്ങളോടു ഗംഗേശാനന്ദ പ്രതികരിച്ചത്.
തനിക്കെതിരായ ആക്രമണത്തിനു പെണ്‍കുട്ടിയുടെ കാമുകൻ അയ്യപ്പദാസിന്റെ പിന്തുണ ഉണ്ടായിരുന്നുവെന്നും ഗംഗേശാനന്ദ ആരോപിച്ചു. ഉറങ്ങിക്കിടക്കുമ്പോൾ താനറിയാതെയാണ് തന്റെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്.കണ്ണുതുറന്നു നോക്കിയപ്പോൾ പെണ്‍കുട്ടിയെയാണു കണ്ടത്. വിഷയത്തിൽ തനിക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പറയുന്ന കാര്യങ്ങളൊന്നും താൻ ചെയ്തിട്ടില്ല.
പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം പെണ്‍കുട്ടിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ്. സംഭവിച്ച കാര്യങ്ങൾ പോലീസിനു വിവരിച്ചുകൊടുത്തിരുന്നു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് ഗംഗേശാനന്ദ മൊഴി നൽകിയതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇത് നിഷേധിച്ചുകൊണ്ടാണ് ഗംഗേശാനന്ദ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ഗംഗേശാനന്ദയെ കോടതി രണ്ടുദിവസത്തേക്കു പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതിനിടെയാണു പ്രതിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനു പോക്സോ കോടതി നിർദേശിച്ചിരുന്നു. വർഷങ്ങളായുള്ള പീഡനം സഹികെട്ടാണു ജനനേന്ദ്രിയം മുറിച്ചതെന്നാണു പെണ്‍കുട്ടിയുടെ മൊഴി.