പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ വിവാദമാകുന്നു. സ്വാമി ഗോപാല്‍ജി നാടുവിട്ടു പോയതല്ലെന്നും പരത്തിക്കാട് ആശ്രമത്തില്‍ വച്ച് അദ്ദേഹത്തെ പയ്യന്നൂരിലെ ഒരു പ്രമുഖ വ്യാപാരി തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവാദ വെളിപ്പെടുത്തൽ.
സ്വാമി ഗോപാല്‍ജിയുടെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാൻഡിനു സമീപം ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ ജ്വാലയിലാണു പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡിലെ ഗോപാലകൃഷ്ണ ഷേണായി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
ഗോപാല്‍ജിയുടെ പരുത്തിക്കാട്ടെ ഭൂമി കൈക്കലാക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാപാരി ശ്രമിച്ചെങ്കിലും ഗോപാല്‍ജി വഴങ്ങിയില്ല. ഇതിനെല്ലാം തെളിവുകളുണ്ടെന്നും ആവശ്യമായ ഘട്ടങ്ങളില്‍ അവ ഹാജരാക്കുമെന്നും ഗോപാലകൃഷ്ണ ഷേണായി പറഞ്ഞു.
2003 നവംബറില്‍ ഗോപാല്‍ജിയെ കാണാതാവുന്നത്.15 വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയായിരുന്നു ഗോപാല്‍ജിയുടെ തിരോധാനം.
അധ്യാത്മിക പ്രഭാഷണങ്ങളും പുസ്തക രചനയുമായി കഴിഞ്ഞിരുന്ന പഴയങ്ങാടി വെങ്ങര സ്വദേശിയായ ഗോപാല്‍ജി കുന്നരു മൂകാംബിക ക്ഷേത്രത്തിനു സമീപം ആശ്രമം സ്ഥാപിച്ചു കുറെനാള്‍ കഴിഞ്ഞിരുന്നു.
ഏഴിമലയിൽ പുരാണ ഇതിഹാസങ്ങളിലും വായ്മൊഴികളിലും ഹനുമാനുമായി ബന്ധമുള്ളതിനാല്‍ മലമുകളില്‍ ഹനുമാന് പ്രതിമ സ്ഥാപിക്കണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണു താമസസ്ഥലം വിറ്റുകിട്ടിയ പണവും പ്രഭാഷണങ്ങള്‍ക്കു ദക്ഷിണയായി കിട്ടിയ സമ്പാദ്യവും കൂട്ടി പരുത്തിക്കാട് സ്ഥലം വാങ്ങി ആശ്രമം സ്ഥാപിച്ചത്.
ഹനുമാന് പ്രതിമ നിര്‍മാണത്തിനായി ജനങ്ങളില്‍നിന്നു ലഭിച്ച സംഭാവന ചെലവഴിച്ചു ഹനുമാന് പ്രതിമയുടെ നിര്‍മാണം ആരംഭിക്കുകയും ചെയ്തു. പ്രതിമയുടെ നിര്‍മാണം മുക്കാല്‍ ഭാഗത്തോളമെത്തിയപ്പോഴാണു 2003 നവംബറില്‍ ഗോപാല്‍ജിയെ കാണാതാവുന്നത്.
ഗോപാല്‍ജിയുടെ തിരോധാനത്തെ തുടര്‍ന്നു പ്രക്ഷോഭസമരങ്ങളും പ്രതിഷേധങ്ങളുമുയര്‍ന്നു.
പോലീസ് അന്വേഷണം എങ്ങുമെത്താതെ വന്നപ്പോള്‍ സ്വാമി ഗോപാല്‍ജിയുടെ ബന്ധുവായ രവി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്കി.
കോടതി നിര്‍ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തരേന്ത്യയിൽ ഉള്‍പ്പെടെ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നു ഗോപാല്ജിക്കു വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്ജിയെപറ്റി വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതി ഉത്തരവ്.
ഗോപാല്‍ജിയുടെ കൊലപാതകത്തിനു കാരണക്കാരനായി ചൂണ്ടിക്കാണിക്കുന്ന പയ്യന്നൂരിലെ വ്യാപാരിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഗോപാലകൃഷ്ണനെന്നും അടുത്തകാലത്തായുണ്ടായ മനംമാറ്റമാണു വെളിപ്പെടുത്തലിനിടയാക്കിയതെന്നും പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത എന്‍.കെ. ഭാസ്കരന് പറഞ്ഞു. കരിമ്പില്‍ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. മുരളീധരന് പയ്യന്നൂര്‍, ജയരാജ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.