പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമം നടത്തിവന്ന സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദമായ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥയറിയാനും ദുരൂഹതകളുടെ ചുരുളഴിക്കാനും പോലീസ്. ഇതിനായി വിവാദ വെളിപ്പെടുത്തല്‍ നടത്തിയ പയ്യന്നൂര്‍ അന്പലം റോഡിലെ ഗോപാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും.
ശനിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിനു സമീപം ഗോപാല്‍ജിയുടെ തിരോധാനത്തെപറ്റി ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതികരണ വേദിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ ജ്വാല നടത്തിയിരുന്നു .ഈ പരിപാടിയിലാണ് 2003ല്‍ കാണാതായ ഗോപാല്‍ജിയുടെ തിരോധാനത്തിന്റെ നിഗൂഡതകള്‍ മറനീക്കിക്കൊണ്ടുള്ള ഗോപാലകൃഷ്ണ ഷേണായിയുടെ വിവാദ വെളിപ്പെടുത്തലുണ്ടായത്.
ഗോപാലകൃഷ്ണന്റെ 15 വർഷത്തിനു ശേഷമുള്ള വെളിപ്പെടുത്തല്‍ ഇങ്ങനെ
“ഹനുമാന് പ്രതിമയുള്‍പ്പെടുന്ന ഗോപാല്‍ജിയുടെ പരത്തിക്കാട്ടെ സ്ഥലം കൈക്കലാക്കാന്‍ ഉന്നത പോലീസുദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരിലെ ഒരു വ്യാപാരി ശ്രമിച്ചിരുന്നു. ഭീഷണിപ്പെടുത്തിയിട്ടും അന്ന് ഒപ്പിട്ടുകൊടുവാന് ഗോപാല്‍ജി തയ്യാറായില്ല. സ്വാമി ഗോപാല്‍ജി നാടുവിട്ട് പോയതല്ല.
പരത്തിക്കാട് ആശ്രമത്തില്‍ വെച്ച് ഗോപാല്‍ജിയെ വ്യവസായി ഉന്തിയിട്ടു. എന്നിട്ട് നീ പൊയ്ക്കോ, ബാക്കി ഞാന്‍ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു. ആശ്രമം രാത്രിയില്‍ പൊളിച്ചതിന് ശേഷമാണ് സ്വാമിജിയുടെ തിരോധാനം.സ്വാമി തീര്‍ഥാടനങ്ങള്‍ക്ക് പോകാറുള്ളപ്പോള്‍ പതിവായി കത്തെഴുതാറുണ്ട്. ഇങ്ങനെ എഴുതിയ കത്തില്‍ തീയതി ചേര്‍ത്ത് സ്വാമി ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ ദുരുപയോഗപ്പെടുത്തുകയായിരുന്നു.
ഗോപാല്ജിയുടേത് കൊലപാതകമാണെന്ന് തനിക്ക് വ്യക്തതയുണ്ട്. ഇതിനെല്ലാംതെളിവുകളുണ്ട്. ആവശ്യമായ ഘട്ടങ്ങളില്‍ അവ ഹാജരാക്കും’. മാധ്യമ പ്രവര്‍ത്തകരെയുള്‍പ്പെടെ സാക്ഷി നിര്‍ത്തിയാണ് ഇയാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഗോപാല്‍ജിയുടെ കൊലപാതകത്തിന് കാരണക്കാരനായി ചൂണ്ടിക്കാണിക്കുന്ന പയ്യന്നൂരിലെ വ്യവസായിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു ഗോപാലകൃഷ്ണനെന്നും അടുത്തകാലത്തായുണ്ടായ മനംമാറ്റമാണ് വെളിപ്പെടുത്തലിനിടയാക്കിയതെന്നുമാണ് പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് എന്‍.കെ.ഭാസ്കരന് പറഞ്ഞത്. ചടങ്ങിൽ കരിമ്പില്‍ ബാലചന്ദ്രന് അധ്യക്ഷത വഹിച്ചു. മുരളീധരന് പയ്യന്നൂര്‍, ജയരാജ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദുരൂഹതകളുടെ ചുരുളുകളഴിക്കാന്‍ പോലീസ്
ഇക്കാര്യം ശ്രദ്ധയിയല്പെട്ടതോടെയാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഗോപാലകൃഷ്ണ ഷേണായിയില്നിന്നും സത്യാവസ്ഥയറിയാനുള്ള ശ്രമം പോലീസ് ആരംഭിച്ചത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തരേന്ത്യയിലെ ഹരിദ്വാറിലുള്‍പ്പെടെ പയ്യന്നൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു.
നിരവധിയാളുകളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുകയുമുണ്ടായി. ഗോപാല്‍ജിയുടെ തിരോധാനം സംബന്ധിച്ച ഹൈക്കോടതിയിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അന്വേഷണം തുടരണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയ ഗോപാലകൃഷ്ണ ഷേണായിയെ ചോദ്യം ചെയ്യുന്നതെന്ന് പയ്യന്നൂര്‍ എസ്ഐ കെ.പി.ഷൈന്‍ പറഞ്ഞു.
ഉത്തരം കിട്ടാത്ത ഗോപാല്‍ജിയുടെ തിരോധാനം
വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയായിരുന്നു ഗോപാല്‍ജിയുടെ തിരോധാനം. പത്രപ്രവര്ത്തകന്, രാഷ്ട്രീയ പ്രവര്ത്തകന്, ഗ്രന്ഥകര്‍ത്താവ്, ആദ്ധ്യാത്മിക പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ടി.വി.ഗോപാലന് എന്ന സ്വാമി ഗോപാല്‍ജി കുന്നരു മൂകാംബിക ക്ഷേത്രത്തിന് സമീപം ആശ്രമം സ്ഥാപിച്ച് കുറെനാള്‍ കഴിഞ്ഞിരുന്നു.
ഏഴിമലക്ക് പുരാണ ഇതിഹാസങ്ങളിലും വായ്മൊഴികളിലും ഹനുമാനുമായി ബന്ധമുള്ളതിനാല്‍ മലമുകളില്‍ ഹനുമാന് പ്രതിമ സ്ഥാപിക്കണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് താമസ സ്ഥലം വിറ്റുകിട്ടിയ പണവും പ്രഭാഷണങ്ങള്‍ക്ക് ദക്ഷിണയായി കിട്ടിയ സമ്പാദ്യവും കൂട്ടി പരത്തിക്കാട് സ്ഥലം വാങ്ങി ആശ്രമം സ്ഥാപിച്ചത്. ജനങ്ങളില്‍നിന്ന് ലഭിച്ച സംഭാവന ചെലവഴിച്ച് ഹനുമാന് പ്രതിമയുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
പ്രതിമയുടെ നിര്‍മാണം മുക്കാല്‍ ഭാഗത്തോളമെത്തിയപ്പോഴാണ് 2003 നവംബറില്‍ ഗോപാല്‍ജിയെ കാണാതാവുന്നത്.
ഗോപാല്‍ജിയെ കാണാതായതിനെ തുടര്‍ന്ന് പ്രക്ഷോഭസമരങ്ങളും പ്രതിഷേധങ്ങളുമുയര്‍ന്നു. പോലീസിന്റെ അന്വേഷണം എങ്ങുമെത്താതെ വന്നപ്പോള്‍ സ്വാമി ഗോപാല്‍ജിയുടെ ബന്ധുവായ രവി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്കി.
കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പോലീസ് ഉത്തലേന്ത്യയിലുള്പ്പെടെ അന്വേഷിച്ചിട്ടും ഗോപാല്‍ജിയെ കണ്ടെത്താനായില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ഗോപാല്‍ജിക്ക് വേണ്ടിയുള്ള അന്വേഷണം തുടരണമെന്നും ഗോപാല്ജിയെപറ്റി വിവരം ലഭിച്ചാല്‍ കോടതിയെ സമീപിക്കണമെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ പറ്റി പോലീസ് അന്വേഷിക്കുന്നത്.