പയ്യന്നൂര്‍: ഏഴിമല പരത്തിക്കാട് ശ്രീവിദ്യാശ്രമത്തിലെ സ്വാമി ഗോപാല്‍ജിയെ കൊന്നതാണെന്ന വെളിപ്പെടുത്തലിനെപ്പറ്റി അന്വേഷിക്കണമെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ഗോപാല്‍ജിയെ കൊന്നതാണെന്ന പയ്യന്നൂരിലെ ഗോപാലകൃഷ്ണ ഷേണായിയുടെ വെളിപ്പെടുത്തലില്‍ പോലീസ് ക്രിയാത്മക അന്വേഷണം നടത്തിയില്ലെന്ന കോറോം മുതിയലത്തെ കെ.പി.മുരളീധരന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു.
ഇതേ തുടര്‍ന്ന് സ്വാമിയുടെ തിരോധാനത്തില്‍ ഒട്ടേറെ ദുരൂഹതകളും അസ്വാഭാവികതകളും നിലനില്‍ക്കുന്നുണ്ടെന്നും അതിനാല്‍ ഇതേപറ്റി അന്വേഷിച്ച് നിജസ്ഥിതി പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ഇവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പരാതിയില്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സംസ്ഥാന ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ പയ്യന്നൂരിലെത്തിയ ക്രൈംബ്രാഞ്ച് സംഘം അന്വേഷണവും ആരംഭിച്ചു. പരത്തിക്കാടുള്ള ഹനുമാന് പ്രതിമയുടെ നിര്‍മാണം മുക്കാല്‍ ഭാഗമായ കാലഘട്ടത്തില്‍ സ്വാമി ഗോപാല്‍ജിയെ കൊന്ന് കുഴിച്ചിട്ടു എന്നായിരുന്നു വെളിപ്പെടുത്തല്‍.ആദ്ധ്യാത്മിക പ്രഭാഷണങ്ങള്‍ നടത്തിവന്ന പഴയങ്ങാടി വെങ്ങര സ്വദേശിയായ തൂണോളി ഹൗസിലെ ഗോപാലന് എന്ന സ്വാമി ഗോപാല്‍ജിയെ 2003 നവംബറിലാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതാകുന്നത്.
കഴിഞ്ഞ ഒക്ടോബര്‍ 13ന് പയ്യന്നൂര്‍ പുതിയ ബസ്സ്റ്റാൻഡിനു സമീപം ജനകീയ പ്രതികരണ വേദിയെന്ന പേരില്‍ നടത്തിയ പ്രതിഷേധ ജ്വാലയിലാണ് ഗോപാല്‍ജിയെ കൊന്നതാണെന്ന വിവാദ വെളിപ്പെടുത്തല്‍ ഗോപാലകൃഷ്ണ ഷേണായി നടത്തിയത്.