ഹരിയാന നിയമസഭയില്‍ വെള്ളിയാഴ്ച്ച സവിശേഷതകളുടേതായിരുന്നു. സ്ത്രീകളടക്കമുള്ള നിയമസഭ അംഗങ്ങള്‍ക്കു മുന്നില്‍ നാണംമറയ്ക്കാന്‍ ഒരുതുണ്ട് തുണിയുടുക്കാതെ ഒരു സ്വാമി പ്രസംഗിച്ചു. അതും മണിക്കൂറുകളോളം. മുനി തരുണ്‍ സാഗര്‍ മഹാരാജ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. മുഖ്യമന്ത്രിയും സ്പീക്കറും ഗവര്‍ണറുമെല്ലാം സ്വാമിയുടെ പ്രസംഗം കേള്‍ക്കാനെത്തി. എല്ലാവരും അനുഗ്രഹവും വാങ്ങി. സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതിനെക്കുറിച്ചായിരുന്നു സ്വാമിയുടെ പ്രധാന പ്രസംഗം. ദിഗംബര സന്യാസി വിഭാഗത്തില്‍ പെടുന്നവരാണ് തരുണ്‍ സാഗര്‍ മഹാരാജ്. നഗ്‌നതയോടെ ജീവിച്ചാല്‍ മാത്രമേ മോക്ഷം ലഭിക്കൂ എന്നാണ് ഇവരുടെ വിശ്വാസം.
പൂര്‍ണനഗ്നനായിട്ടാണ് സ്വാമി നിയമസഭയില്‍ എത്തിയത്. രാജ്യത്തു സ്ത്രീപുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്നായിരുന്നു സ്വാമിയുടെ പ്രധാന ഉപദേശം. വിവാദപരമായ കാര്യങ്ങളും സ്വാമി പ്രസംഗത്തില്‍ പറഞ്ഞു. പെണ്‍കുട്ടികളുള്ള വീട്ടിലേക്കേ തങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിച്ചയയക്കൂവെന്ന് മാതാപിതാക്കള്‍ തീരുമാനിക്കമെന്നതായിരുന്നു അതിലൊന്ന്.
ബിജെപി ഭരിക്കുന്ന ഹരിയാനയില്‍ സര്‍ക്കാര്‍ വിവാദങ്ങളില്‍പ്പെടുന്നത് ഇത് ആദ്യമായാല്ല. മനോഹര്‍ലാല്‍ ഖട്ടാറിന്റെ പല തീരുമാനങ്ങളും പരാമര്‍ശങ്ങളും വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു.