ബംഗളുരു: കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ വിവാദ ആൾദൈവം സ്വാമി നിത്യാനന്ദ ഒരു വർഷമായി സെൻട്രൽ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലുള്ളതായി പോലീസിന് വിവരം ലഭിച്ചു.
ഇക്വഡോറിലെ ഒരു ദ്വീപ് വിലയ്ക്കു വാങ്ങിയ നിത്യാനന്ദ അതിന് “കൈലാസം’ എന്നു പേരിടുകയും രാജ്യത്തിന്റെ പേരിൽ പ്രത്യേക വെബ്സൈറ്റ് തുടങ്ങുകയും ചെയ്തു. ഭൂമിയിലെ ഏറ്റവും വലിയ ഹൈന്ദവരാജ്യമെന്നാണ് കൈലാസ രാജ്യത്തെ നിത്യാനന്ദ വിശേഷിപ്പിക്കുന്നത്.
അതിർത്തികളില്ലാത്ത രാജ്യമാണ് കൈലാസമെന്നും സ്വന്തം രാജ്യത്ത് ഹൈന്ദവമതാനുഷ്ഠാനങ്ങൾ അതിന്റെ പരിശുദ്ധിയോടെ ആചരിക്കുവാൻ സാധിക്കാത്ത ലോകത്തെന്പാടുമുള്ള ഹൈന്ദവർ ചേർന്നാണ് പുതിയ രാജ്യം രൂപീകരിച്ചിരിക്കുന്നതെന്നും രാജ്യത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.
സ്വന്തം പാസ്പോർട്ടും പതാകയും
രാജ്യത്തിന് സ്വന്തമായി പാസ്പോർട്ടും പതാകയും മുദ്രയുമുണ്ട്. നിത്യാനന്ദ പാസ്പോർട്ടിന്റെ മാതൃകയും പുറത്തുവിട്ടിട്ടുണ്ട്. രണ്ടുതരം പാസ്പോർട്ട് ഉണ്ട്. കടുംകാവി നിറത്തിൽ നിത്യാനന്ദയും ശിവനും ഉൾപ്പെടുന്ന ചിത്രവും നന്ദി വിഗ്രഹവും അടങ്ങുന്നതാണ് പതാക.
കൈലാസ രാജ്യം യോഗ, ധ്യാനം, ഗുരുകുല വിദ്യാഭ്യാസ രീതി എന്നിവയിൽ അധിഷ്ഠിതമാണെന്നും സൗജന്യ ആരോഗ്യപരിചരണവും സൗജന്യ വിദ്യാഭ്യാസവും സൗജന്യ ഭക്ഷണവും എല്ലാവർക്കും ക്ഷേത്ര അധിഷ്ഠിത ജീവിതരീതിയും അത് മുന്നോട്ടുവയ്ക്കുന്നതായും വെബ്സൈറ്റിലുണ്ട്. സ്വന്തം രാജ്യത്തെ പൗരന്മാരാകാൻ ആളുകളെ ക്ഷണിക്കുന്ന രാജ്യത്തിനായി നിത്യാനന്ദ സംഭാവനയും തേടുന്നുണ്ട്.
കൈലാസത്തിൽ ആഭ്യന്തരം, പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, വിദേശകാര്യം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉപമുഖ്യമന്ത്രിയും ചുമതലയേറ്റിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയാണ് കൈലാസത്തിലെ ഒൗദ്യോഗിക ഭാഷകളെന്നും പത്തുകോടിയിലധികം ശൈവരാണ് രാജ്യത്തുള്ളതെന്നും വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.
താമരയാണ് ഒൗദ്യോഗിക പുഷ്പം. കൈലാസത്തിൽ ഷരഭം ദേശീയ പക്ഷിയും നന്ദി ദേശീയ മൃഗവുമാണ്. ദേശീയ വൃഷം ആൽമരമാണ്. 2018 ഒക്ടോബറിലാണ് വെബ്സൈറ്റ് നിർമിച്ചതെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. 2019 ഒക്ടോബർ 10നാണ് അവസാനമായി സൈറ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്.
രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ
രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ തമിഴ്നാട് സ്വദേശിയാണ്. ബംഗളുരുവിനടുത്ത് ബിഡാദിയിൽ 2000 ത്തിൽ ആശ്രമം സ്ഥാപിച്ച് സ്വാമി നിത്യാനന്ദ എന്നപേരിൽ സ്വയം ആൾദൈവമായി മാറുകയായിരുന്നു. ഒാഷോ രജനീഷിന്റെ ചിന്തകൾ തന്നെയാണ് നിത്യാനന്ദയും പിന്തുടരുന്നത്. ചലച്ചിത്രനടിയുമൊത്തുള്ള നിത്യാനന്ദയുടെ നഗ്നദൃശ്യമടങ്ങിയ വീഡിയോ 2010-ൽ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിത്യാനന്ദ വിവാദത്തിലാകുകയും ബലാത്സംഗ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഏതാനുംമാസം മുന്പ് ഗുജറാത്തിലെ അഹമ്മദാബാദിലെ ആശ്രമത്തിലേക്ക് ഏതാനും പെണ്കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചതായി പരാതി ഉയർന്നതിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ നിത്യാനന്ദയെ കാണാതായി. സംഭവത്തിൽ നിത്യാനന്ദയുടെ രണ്ട് ശിഷ്യകളുൾപ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും നിത്യാനന്ദ രാജ്യത്തുനിന്ന് മുങ്ങിയതായി കണ്ടെത്തുകയായിരുന്നു.
നടിയുമായുള്ള കേസിൽ 2018-ൽ ജാമ്യത്തിലിറങ്ങിയ നിത്യാനന്ദ പിന്നീട് ഇക്വഡോറിലേക്ക് മുങ്ങുകയായിരുന്നുവെന്നാണ് ബംഗളൂരു പോലീസ് പറയുന്നത്. 2018 സെപ്റ്റംബറിൽ നിത്യാനന്ദയുടെ ഇന്ത്യൻ പാസ്പോർട്ട് റദ്ദായിരുന്നു. സ്വന്തമായി പാസ്പോർട്ടില്ലെന്നിരിക്കെ നിത്യാനന്ദ രാജ്യംവിട്ടത് സംശയത്തിന് ഇടയാക്കിയിരിക്കുകയാണ്.