പേട്ടയില്‍ പീഡിപ്പിക്കാനെത്തിയ ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ കൂടുതല്‍ ദുരൂഹത. സംഭവദിവസം രാത്രി സ്വാമിക്കൊപ്പമുണ്ടായിരുന്ന ഉറ്റ സഹായി അയ്യപ്പനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പോലീസ്. സ്വാമിയുടെ ബിസിനസ് വളര്‍ത്താനും ആര്‍ഭാട ജീവിതത്തിന് പണമുണ്ടാക്കാനും ആവശ്യമുള്ള സഹായവും ഉപദേശവും നല്കിയിരുന്നത് അയ്യപ്പനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി അയ്യപ്പനും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് സൂചന. എന്നാല്‍ സ്വാമിക്ക് അപായമുണ്ടായശേഷം ഇതുവരെ അയ്യപ്പന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇയാളെ കണ്ടെത്തിയാല്‍ സ്വാമിയുടെ കൂടുതല്‍ കള്ളക്കളികള്‍ വെളിച്ചത്തുകൊണ്ടു വരാമെന്ന പ്രതീക്ഷയിലാണ് പോലീസ്.
അതേസമയം, പെണ്‍കുട്ടിയോട് സ്വാമിക്ക് പ്രത്യേക താല്പര്യം ഉണ്ടായിരുന്നതായി ബന്ധുക്കളും കൂട്ടുകാരും പറയുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് സ്വാമിയുടെ സാമീപ്യം അസ്വസ്ഥത സൃഷ്ടിച്ചിരുന്നത്രേ. പെണ്‍കുട്ടിയോട് ആരെങ്കിലും അടുത്തിടപഴകുന്നത് സ്വാമിക്ക് ഇഷ്ടമായിരുന്നില്ല. നേരത്തേതന്നെ ഉണ്ടായിരുന്ന അമര്‍ഷം അതോടെ പകയായി വളരുകയായിരുന്നു. പിതാവിനൊപ്പം സംസ്ഥാനത്തിനു പുറത്ത് വിവിധയിടങ്ങളിലായി പഠിച്ചു വളര്‍ന്ന കുട്ടിയുടെ സംരക്ഷക വേഷമണിഞ്ഞെത്തിയ സ്വാമിക്ക് ചെറുപ്പക്കാരോട് പെണ്‍കുട്ടി സംസാരിക്കുന്നത് ഇഷ്ടമായിരുന്നില്ല. തന്നെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ പെണ്‍കുട്ടി ആരോടെങ്കിലും പറയുമോ എന്ന ഭയമായിരുന്നു കാരണം. സ്വാമിക്ക് സംശയം തോന്നുന്ന വിധത്തില്‍ പെണ്‍കുട്ടിയോട് ആരെങ്കിലും സംസാരിച്ചാല്‍ അവരുമായി വഴക്കിടാനും സ്വാമി മുതിരുമായിരുന്നു. ഒരിക്കല്‍ തന്റെ സുഹൃത്തിനോട് മോശമായി പെരുമാറിയതറിഞ്ഞ് പെണ്‍കുട്ടി സ്വാമിയുമായി വഴക്കിടുകയും ചെയ്തു.
എറണാകുളം പട്ടിമറ്റത്തുള്ള സ്വാമിയുടെ പട്ടിമറ്റത്തുള്ള വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം. പെണ്‍കുട്ടിയും ഇവിടെ പലതവണ വന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ അമ്മയുള്‍പ്പടെ സ്വാമിയുടെ സഹോദരങ്ങളുമായി അടുത്ത ബന്ധത്തിലുമായിരുന്നു. ഏഴു വര്‍ഷമായി സ്വാമിക്ക് ഈ കുടുംബവുമായി അടുപ്പമുണ്ട്. സ്വാമിയുടെ അമ്മയ്ക്ക് അസുഖം വന്നപ്പോള്‍ ചികില്‍സ തേടി തിരുവനന്തപുരത്ത് എത്തിയപ്പോള്‍ രണ്ടാഴ്ച തങ്ങിയത് ഇവരുടെ വീട്ടിലായിരുന്നു. സ്വന്തം മക്കള്‍ ചെയ്യുന്നതിനുമപ്പുറം പെണ്‍കുട്ടിയും അമ്മയും ശുശ്രൂഷകളും ചെയ്തിരുന്നതായും ഗംഗേശാനന്ദയുടെ അമ്മ പറയുന്നു. സംഭവത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നു തന്നെയാണ് സ്വാമിയുടെ ബന്ധുക്കളും പറയുന്നത്. തെറ്റുകാരനാണെങ്കില്‍ സ്വാമി രക്ഷപ്പെടരുതെന്നും ഇവര്‍ പറയുന്നു.