തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ (99) സമാധിയായി. വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ ഇന്നു രാവിലെ ഒന്‍പതിനായിരുന്നു അന്ത്യം.
രണ്ട് വര്‍ഷത്തോളം ആരോഗ്യപരമായ പ്രശ്നങ്ങളേത്തുടര്‍ന്ന് വര്‍ക്കല ശ്രീ നാരായണ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സ്വാമി പ്രകാശാനന്ദ. ഇന്നു വൈകുന്നേരം അഞ്ചിന് വർക്കല ശിവഗിരിയിൽ സമാധിയിരുത്തും.
ദീർഘകാലം ശിവഗിരി മഠാധിപതിയും ധർമ സംഘം പ്രസിഡന്റുമായിരുന്നു.കൊല്ലം പിറവന്തൂർ സ്വദേശിയാണ്.കുമാരന് എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളിൽ ആകൃഷ്ടനായി 22ാം വയസിലാണ് പ്രകാശാനന്ദ ശിവഗിരിയിലെത്തുന്നത്. അന്ന് മഠാധിപതിയായിരുന്ന ശങ്കരാനന്ദയുടെ കീഴിലാണ് മഠത്തിൽ വൈദിക പഠനം നടത്തിയത്.
ഗുരുദേവനിൽ നിന്നും നേരിട്ട് സന്യാസദീക്ഷ സ്വീകരിച്ചയാളാണ് ശങ്കരാനന്ദ. 35ാം വയസിൽ പ്രകാശാനന്ദ സന്യാസദീഷ സ്വീകരിച്ചു.ശ്രീനാരായണ ദർശനങ്ങളെക്കുറിച്ച് ആഴത്തിലുള്ള പാണ്ഡിത്യമുള്ള സന്യാസിയായിരുന്നു.
വർക്കല ശിവഗിരി മഠത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ചയാളായിരുന്നു സ്വാമി പ്രകാശാനന്ദ.1922 ഡിസംബറിലാണ് ജനനം. 1977ൽ ജനറൽ സെക്രട്ടറിയായും 2006 മുതൽ പത്തുവർഷം ട്രസ്റ്റ് അധ്യക്ഷ ചുമതലയും വഹിച്ചു.
പ്രകാശാനന്ദ പ്രസിന്റായിരുന്നപ്പോഴാണ് ശിവഗിരി ബ്രഹ്മ വിദ്യാലയം സ്ഥാപിച്ചത്. അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴാണ് ശിവഗിരി തീർഥാടനം പ്ലാറ്റിനം ആഘോഷവും ദൈവദശകം ശതാബ്ദി ആഘോഷവും നടന്നത്.