കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ അടച്ചിടുകയും ആളുകളെ കൂട്ടം കൂടുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടും ബിവറേജസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഉഷാറായി നടക്കുന്നുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളും പൂട്ടണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേട്ടഭാവം സര്‍ക്കാരിനില്ല.
ഇത്തരത്തില്‍ ബിവറേജസ് പൂട്ടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്കെതിരേ രംഗത്തു വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ദ ഗിരി. ആരാധനാലയങ്ങളിലും മറ്റും ഊണ് കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട് എന്ന് സന്ദീപാനന്ദ ഗിരി പറയുന്നു. ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ് എന്നും സന്ദീപാനന്ദഗിര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംസ്ഥാനത്തു കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയസംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ ബിവറേജ് ഔട്ട്‌ലറ്റുകള്‍ പൂട്ടേണ്ട സാഹചര്യം ഇല്ലെന്നാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ അവകാശപ്പെടുന്നത്.
സന്ദീപാനന്ദഗിരിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…
ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്!
പ്രിയ മിത്രങ്ങളേ ആരാധനാലയത്തില്‍ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങള്‍ക്ക് സാധിക്കുമോ?
ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ട്! ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്! ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്‌ക്കാരത്തിന്റേയും ഭാഗമാണ്! ചിലര്‍ക്കതുണ്ട് ചിലര്‍ക്കതില്ല.!