തിരുവനന്തപുരം: നോക്കിനില്‍ക്കുമ്പോള്‍ ഇന്ത്യയ്ക്കു പണി തരുന്ന പാക്കിസ്ഥാനെ വാനോളം പുകഴ്ത്തി സ്വാമി സന്ദീപാനന്ദഗിരി. പാകിസ്ഥാനിലെ ചിന്തകരെയും എഴുത്തുകാരെയുമെല്ലാം മുക്തകണ്ഠം പ്രശംസിക്കാന്‍ സന്ദീപാനന്ദ ഗിരി മറന്നില്ല. പാകിസ്ഥാന്‍ ഇന്ത്യയുടെ ശത്രുവല്ലെന്നും ചില വര്‍ഗീയവാദികളാണ് ഇങ്ങനെ ചിത്രീകരിക്കുന്നതെന്നും സ്വാമി പറയുന്നു. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരുവനന്തപുരം ലൈബ്രറി കൗണ്‍സിലിന്റെ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് സന്ദീപാനന്ദഗിരി പാക്കിസ്ഥാന്‍ സ്‌നേഹം വാരിവിതറിയത്.
സന്ദീപാനന്ദ ഗിരിയുടെ ആജന്മശത്രുക്കളായ സംഘപരിവാര്‍ കടുത്ത പാക്കിസ്ഥാന്‍ വിരോധം വച്ചു പുലര്‍ത്തുമ്പോള്‍ ശത്രുവിന്റെ ശത്രു മിത്രമെന്ന നിലയിലാണ് സന്ദീപാനന്ദ ഗിരി പാക്കിസ്ഥാനെ നിര്‍ലോഭം പ്രശംസിച്ചത്. പാക്കിസ്ഥാനിലുള്ളവരും സാധാരണക്കാരാണ്. ഇന്ത്യക്ക് പുറത്ത് മലയാളികള്‍ ഏറ്റവും കൂടുതലുള്ള ദുബായില്‍ നല്ലൊരു ശതമാനവും പാക്കിസ്ഥാനികളാണ്. അവര്‍ ആരും ഇന്ത്യാക്കാരെ ആക്രമിച്ചതായി കേട്ടിട്ടില്ല. മലയാളികള്‍ പാകിസ്ഥാനികളെ പറ്റിച്ചാലും അവര്‍ തിരിച്ച് അതു ചെയ്യില്ലെന്നും സ്വാമി പറയുന്നു.
അടുത്തിടെ ഉണ്ടായ ഇന്ത്യ-പാക് സംഘര്‍ഷത്തെ യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിച്ചു.ആധുനിക യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ കൈവശമുണ്ടെന്ന പേരില്‍ പാക്കിസ്ഥാനെ പലരും വെല്ലുവിളിച്ചു. പാകിസ്ഥന്‍ പട്ടാളം ബന്ധിയാക്കിയ പട്ടാളക്കാരനെ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കാന്‍ മുന്നില്‍ നിന്നത് പാക് എഴുത്തുകാരും ചിന്തകന്മാരുമാണെന്നത് മറക്കരുത്. പാക്കിസ്ഥാനുമായി സൗഹൃദം പങ്കിടാന്‍ ഇവിടുത്ത വര്‍ഗീയവാദികള്‍ അനുവദിക്കില്ല.
മുമ്പ് ചിന്മയാ മിഷനില്‍ ജോലി ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചെങ്കിലും ചിന്മയാ മിഷന്‍ അത് അനുവദിച്ചില്ലെന്നും സന്ദീപാനന്ദഗിരി വെളിപ്പെടുത്തി. ഇന്ത്യ-പാക് വിഭജനത്തിനു ശേഷം പാകിസ്ഥാന്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് പാക് ജനതയെ ഒപ്പം കൂട്ടാന്‍ ഗാന്ധിജി ശ്രമിച്ചിരുന്നുവെങ്കിലും ഗോഡ്‌സെ ഗാന്ധിജിയെ അതിന് അനുവദിച്ചില്ലെന്നും സന്ദീപാനന്ദഗിരി പറയുന്നു.
ഹിന്ദുവിനെയും മുസ്ലീമിനെയും വേര്‍തിരിച്ചുകാണുന്നതാണ് വടക്കേ ഇന്ത്യയിലെ സംസ്‌കാരം. മതപരമായി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് അകത്തും നടക്കുന്നു. ഇത്തരം കടപടദേശീയ വാദികളെയും വര്‍ഗീയവാദികളെയുമാണ് ആദ്യം തിരിച്ചറിയേണ്ടത്. പിറന്നവീഴുന്ന തലമുറകളോട് പാക്കിസ്ഥാന്‍ ശത്രുവാണെന്ന് പറഞ്ഞ് പഠിപ്പിക്കരുതെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവും ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളും ഉള്‍പ്പെടെ ഇരുന്ന വേദിയിലായിരുന്നു സ്വാമിയുടെ പാക്കിസ്ഥാന്‍ അനുകൂല പ്രസംഗം.