ശബരിമല: ശബരിമലയില്‍ ഇന്ന് മകരവിളക്ക്. വൈകുന്നേരം തിരുവാഭരണം ചാര്‍ത്തി നടക്കുന്ന മഹാദീപാധനയ്ക്കൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന ജ്യോതിയുടെ പുണ്യം നുകരാനായി ഭക്തസഹസ്രങ്ങള്‍ ഇപ്പോള്‍ത്തന്നെ ശബരിമലയില്‍ തമ്പടിച്ചിരിക്കുകയാണ്. ജ്യോതിദര്‍ശനം സാധ്യമായ ഇടങ്ങളിലെല്ലാം ഭക്തര്‍ പര്‍ണശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്.
കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ഭക്തരുടെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. അപകടങ്ങള്‍ ഒഴിവാക്കി യാത്ര സുഗമമാക്കുന്നതിലേക്കുള്ള ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ചുമതലയില്‍ നടപ്പാക്കിയിരിക്കുകയാണ്.മകരജ്യോതി ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ പോലീസ് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്ന് സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ വി. അജിത് അറിയിച്ചു.
വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിംഗ് ഉള്ളവരെ മാത്രമേ ഇന്നും നാളെയും നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കടത്തിവിടുകയുള്ളൂ. ഇന്നു രാവിലെ 7.30 മുതല്‍ നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ പത്തുവരെ മാത്രമേ നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ.
ഉച്ചയ്ക്ക് 12 വരെ മാത്രമേ പമ്പയില്‍നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. വൈകുന്നേരം തിരുവാഭരണം ശരംകുത്തിയില്‍ എത്തിയശേഷം മാത്രമേ പിന്നീട് ഭക്തരെ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ.സ്റ്റൗ, വലിയ പാത്രങ്ങള്‍ ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുന്നില്ല.
മരത്തിന്റെ മുകളില്‍നിന്നോ, ഉയരമുള്ള കെട്ടിടങ്ങളുടെ ടെറസ്സില്‍ കയറിനിന്നോ, വാട്ടര്‍ ടാങ്കുകളുടെ ഉയരെ കയറിനിന്നോ മകരജ്യോതി ദര്‍ശനം അനുവദിക്കില്ല.ദേവസ്വം അനുവദിക്കുന്ന സ്പെഷല്‍ പാസ് ഉള്ളവരെ മാത്രമേ തിരുമുറ്റത്ത് ദീപാരാധന സമയത്ത് നില്ക്കാന് അനുവദിക്കുകയുള്ളൂ. പമ്പയിലും സന്നിധാനത്തും പരിസരത്തുമുള്ള പുറംകാടുകളിലും തുറസായ സ്ഥലങ്ങളിലും താത്കാലിക കുടിലുകള്‍, പര്‍ണശാലകള്‍ എന്നിവ കെട്ടാന്‍ അനുവദിക്കില്ല. യാതൊരു കാരണവശാലും താത്കാലിക പാചകം നടത്താന്‍ ഭക്തരെ അനുവദിക്കില്ല.
അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം മകരജ്യോതി ദര്‍ശിക്കണം
അനുവദനീയമായ സ്ഥലങ്ങള്‍ നിന്ന് മാത്രം മകരജ്യോതി ദര്‍ശിക്കാന്‍ ഭക്തരെ അനുവദിക്കൂവെന്ന് പോലീസ് വ്യക്തമാക്കി. നിലയ്ക്കലില്‍ അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറെ കോളനി, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല എന്നീ സ്ഥലങ്ങളില്‍ ദര്‍ശിക്കാം.പമ്പയില്‍ ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യഭാഗം, വലിയാനവട്ടം എന്നിവിടങ്ങളിലും സന്നിധാനത്ത് പാണ്ടിത്താവളം, ദര്‍ശനം കോംപ്ലക്സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുന്‍വശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗര്‍, ഫോറസ്റ്റ് ഓഫീസിന്റെ മുന്‍വശം, വാട്ടര്‍അഥോറിറ്റി ഓഫീസിന്റെ പരിസരം എന്നിവിടങ്ങളില്‍നിന്ന് മകരജ്യോതി ദര്‍ശിക്കാന്‍ അനുമതിയുണ്ട്.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പാണ്ടിത്താവളം ജംഗ്ഷന്, വാവര് നട, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ തയാറാണ്. വിവിധ സ്ഥലങ്ങളില്‍ സ്ട്രച്ചര്‍ സേവനം ലഭ്യമാണ്. ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷന്, അന്നദാനമണ്ഡപത്തിന്റെ സമീപം, നടപ്പന്തല്‍, മേലെ തിരുമുറ്റം, ജീപ്പ് റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളിലാണ് സ്ട്രച്ചര്‍ സൗകര്യമുള്ളത്.
അസ്കാ ലൈറ്റുകളുടെ സേവനം ഉരക്കുഴി, പാണ്ടിത്താവളം ജംഗഷന്, അന്നദാനമണ്ഡപത്തിന്റെ സമീപം, വാവര്നട, ബെയിലി ബ്രിഡ്ജ്, ജീപ്പ്റോഡ്, ശരംകുത്തി, ക്യൂ കോംപ്ലകസ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ സജ്ജമാണ്. മെഗാഫോണുകള്‍ ഉരക്കുഴി, പാണ്ടിത്താവളം ജംഗ്ഷന്, അന്നദാനമണ്ഡപം, ബെയിലി ബ്രിഡ്ജ്, ജീപ്പ്റോഡ്, ശരംകുത്തി, ക്യൂ കോംപ്ലക്സ്, മരക്കൂട്ടം, ചരല്‍മേട് എന്നിവിടങ്ങളില്‍ ലഭ്യമാണ്.